KeralaNews

ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി. 2023 ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

2016-ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപയായിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഓണറേറിയം 6,000 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും 1,000 രൂപ ഓണറേറിയം വര്‍ധിപ്പിച്ചത്. 14 ജില്ലകളിലായി നിലവില്‍ 21,371 പേര്‍ ഗ്രാമപ്രദേശങ്ങളിലും 4,205 പേര്‍ നഗരപ്രദേശങ്ങളിലും 549 പേര്‍ ട്രൈബല്‍ മേഖലയിലുമായി ആകെ 26,125 ആശാ വര്‍ക്കര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു. ഇവര്‍ക്കെല്ലാം ഈ വര്‍ധനയുടെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ മാസം തോറും നല്‍കുന്ന 7000 രൂപ ഓണറേറിയത്തിന് പുറമേ വിവിധ പദ്ധതികളില്‍നിന്നുള്ള ഇന്‍സെന്റീവുകളും ലഭിക്കും. ഈ 7,000 രൂപ കൂടാതെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും 2,000 രൂപ വീതം സ്ഥിരമായി പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും.

ഇതുകൂടാതെ ഓരോ ആശാപ്രവര്‍ത്തകയും ചെയ്യുന്ന സേവനമനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 1,500 രൂപ മുതല്‍ 3,000 രൂപവരെ മറ്റ് ഇന്‍സെന്റീവുകളും ലഭിക്കും. 2022 ഏപ്രില്‍ മുതല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കിവരുന്നുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഓണറേറിയവും കൃത്യമായി ലഭിക്കാന്‍ ആശ സോഫ്റ്റ്‌വെയര്‍ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്കാണ് തുക നല്‍കിവരുന്നത്.

2007 മുതലാണ് കേരളത്തില്‍ ആശാ പദ്ധതി നടപ്പിലാക്കിവരുന്നത്. കേരളത്തില്‍ അംഗീകൃത സാമൂഹ്യ, ആരോഗ്യപ്രവര്‍ത്തകരായി സംസ്ഥാനത്തുടനീളം ആശാപ്രവര്‍ത്തകരെ തിരഞ്ഞെടുക്കുകയും വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കിവരികയും ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button