കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിനെതിരെ ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ വീഴ്ചകൾ മറികടക്കാൻ വേണ്ടിയാകരുത് പുനർവിസ്താരം. വിചാരണ നീട്ടനാണോ പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഇരയുടെ മാത്രമല്ല പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. സാക്ഷി വിസ്താരം മാസങ്ങൾ മുമ്പേ കഴിഞ്ഞതാണ്. ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യത്തിന് പിന്നിലെന്താണെന്നും ഹൈക്കോടതി ആരാഞ്ഞു.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മിൽ എന്താണ് ബന്ധമെന്ന് കോടതി ആരാഞ്ഞു. കേസിനെ ഏത് രീതിയിലാണ് ഇത് ബാധിക്കുന്നതെന്നും കോടതി ചോദിച്ചു.
കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി അനുവദിക്കുന്നില്ലെന്ന പരാതിയുമായിട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപ് അടക്കമുളളവർ ശ്രമിക്കുന്നതിന്റേതെന്ന് അവകാശപ്പെട്ടുകൊണ്ട് ശബ്ദരേഖ അടക്കമുള്ളവയാണ് ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്.