കഞ്ചാവിനെ നിയമപരമായി അംഗീകരിച്ച് ഏഷ്യയിലെ ആദ്യത്തെ രാജ്യം
മരിജുവാന അഥവാ കഞ്ചാവിനെ ലഹരിപദാര്‍ത്ഥങ്ങളുടെ ( Legalise Weed ) പട്ടികയില്‍ നിന്ന് മാറ്റി നിയമരപമായി അംഗീകരിച്ച് തായ്ലാന്‍ഡ് ( Thailand legalise marijuana ). കഞ്ചാവിനെ നിയമപരമായി അംഗീകരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാവുകയാണ് ഇതോടെ തായ്ലാന്‍ഡ്. ഇനി മുതല്‍ കഞ്ചാവ് വളര്‍ത്തുന്നതിനോ വീടുകളില്‍ ഉപയോഗിക്കുന്നതിനോ ഒന്നും തായ്ലാന്‍ഡില്‍ വിലക്കുണ്ടാകില്ല.
എന്നാല്‍ പൊതുവിടങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ നിയന്ത്രണങ്ങള്‍ തുടരും. നിയമത്തില്‍ മാറ്റം വരുത്തിയതിനെ തൊട്ടുപിന്നാലെ പലയിടങ്ങളിലായി പത്ത് ലക്ഷത്തോളം മരിജുവാന തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും ആരോഗ്യമന്ത്രാലയം മുന്‍കയ്യെടുത്തു.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കെന്ന രീതിയിലാണ് നിലവില്‍ കഞ്ചാവിന് നിമയപരമായ അനുമതി ( Thailand legalise marijuana ). നല്‍കിയിരിക്കുന്നത്. മെഡിക്കല്‍- വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഒന്നിച്ച് എന്ന തരത്തിലാണ് നിയമപരമായ മാറ്റം. ഉറുഗ്വായ്, കാനഡ എന്നീ രാജ്യങ്ങളില്‍ വിനോദത്തിന് തന്നെ കഞ്ചാവ് ഉപയോഗിക്കാന്‍ നിയമപരമായ അനുമതിയുണ്ട്. പരസ്യമായിത്തന്നെ വിനോദത്തിന് വേണ്ടി കഞ്ചാവ് ഉപയോഗിക്കാന്‍ നിയമപരമായ അംഗീകാരമുള്ള രണ്ട് രാജ്യങ്ങളും ( Legalise Weed ) ഇവ തന്നെയാണ്. തായ്ലാന്‍ഡില്‍ പക്ഷേ അത്തരത്തില്‍ അല്ല അനുമതി നല്‍കപ്പെട്ടിരിക്കുന്നത്.
പൊതുവിടങ്ങളില്‍ കഞ്ചാവ് ഉപയോഗിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരെ മൂന്ന് മാസം വരെ തടവിലിടാനും പിഴയടക്കാനുമെല്ലാം ഇപ്പോഴും വകുപ്പുണ്ട്. എന്നാല്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ തടവ് ശിക്ഷയനുഭവിക്കുന്ന പലരുടെയും കേസുകള്‍ ഇതോടെ തീര്‍പ്പാകും. അതുപോലെ മറ്റ് പേരുകളില്‍ കഞ്ചാവും അതിന്‍റെ അനുബന്ധ ഉത്പന്നങ്ങളും കച്ചവടം നടത്തിയിരുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമപ്രകാരം ലൈസന്‍സോടെ ഇത് യഥാര്‍ത്ഥ പേരുകളില്‍ തന്നെ വില്‍പന ചെയ്യാം. അതേസമയം ‘ടെട്രാഹൈഡ്രോ കന്നബിനോള്‍’ ( ടിഎച്ച്സി) 0.2 ശതമാനത്തിന് മുകളില്‍ അടങ്ങിയിരിക്കുന്ന കഞ്ചാവ് ഓയില്‍ തുടര്‍ന്നും നിയമവിരുദ്ധമായി തന്നെ കണക്കാക്കപ്പെടും. കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ ആളുകളെ ഉന്മാദത്തിലാക്കാന്‍ സഹായിക്കുന്ന പദാര്‍ത്ഥമാണ് ടിഎച്ച്സി.
നിയമത്തില്‍ മാറ്റം വന്നുവെങ്കിലും പല കാര്യങ്ങളിലും സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെന്ന ആരോപണങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. ഡ്രൈവിംഗ് പോലുള്ള കാര്യങ്ങളിലുള്ള മാനദണ്ഡം, അതുപോലെ ഉപയോഗിക്കുന്നതിനുള്ള അളവ്, ടൂറിസ്റ്റുകള്‍ക്കായുള്ള നയം തുടങ്ങിയ കാര്യങ്ങളില്‍ ആശങ്ക പങ്കുവയ്ക്കപ്പെടുന്നുണ്ട്. വോട്ട് നേടാനായി പെട്ടെന്ന് നടപ്പിലാക്കിയ നിയമമാണിതെന്നാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ചരിത്രപരമായ തീരുമാനമാണ് തായ്ലാന്‍ഡ് കൈക്കൊണ്ടിരിക്കുന്നത് എന്നതില്‍ സംശയമില്ല. വരും ദിവസങ്ങളില്‍ മാത്രമേ ഇതിന്‍റെ തുടര്‍ഫലങ്ങളെ കുറിച്ച് വ്യക്തത വരികയുമുള്ളൂ.