പോരാട്ടം കനക്കുന്നു; യുദ്ധമേഖലയിലേക്ക് സൈനിക നീക്കവുമായി അമേരിക്ക, യുദ്ധക്കപ്പൽ പുറപ്പെട്ടു
വാഷിങ്ടൺ: ഇസ്രയേൽ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾ ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്.
യു എസ് നേവിയുടെ യുഎസ്എസ് ജെറാർഡ് ഫോർഡ് എന്ന യുദ്ധക്കപ്പൽ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാർഡ് ഫോർഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്ക്വാഡ്രൺ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയിൽ വർധിപ്പിക്കും.
സംഘർഷം വർധിപ്പിക്കാതിരിക്കാൻ ഹിസ്‌ബുള്ള പോലുള്ള സംഘടനകൾക്ക് മുന്നറിയിപ്പ് നൽകാനാണ് അമേരിക്കയുടെ സൈനിക നീക്കങ്ങളെന്നാണ് വിശദീകരണം. ലെബനനിലെ ഹിസ്ബുള്ള പോലെയുള്ള തീവ്രവാദ സംഘങ്ങൾ ഇസ്രായേലിനെതിരെ അണിനിരക്കുന്ന നീക്കം തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അമേരിക്കയുടെ നടപടിയെന്ന് പെന്റഗൺ വ്യക്തമാക്കി.
ഇസ്രായേൽ-പലസ്തീൻ സംഘർഷം തുടരവെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തി. ഇരു നേതാക്കളും ഞായറാഴ്ച്ച ഫോണിൽ സംസാരിച്ച് നിലവിലെ സ്ഥിതി ഗതികൾ വിലയിരുത്തി. ഇസ്രയേലിന് അമേരിക്കയുടെ സൈനിക സഹായം നൽകി തുടങ്ങിയെന്ന് ബൈഡൻ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നും ബൈഡൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. ഇവരെ മോചിപ്പിക്കാനുള്ള സാധ്യതകൾ തേടിയതായാണ് സൂചന.
ഇസ്രായേൽ – പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റു.
ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തിൽ പത്ത് നേപ്പാൾ പൗരന്മാരും, ഇസ്രയേൽ സേനയിൽ പ്രവർത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പുതിയ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരും. അടച്ചിട്ട മുറിയിലാണ് യോഗം ചേരുക.
ഇസ്രായേലിൽ മിസൈലാക്രമണത്തിൽ മലയാളി നഴ്സിന് പരിക്കേറ്റു. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് ശനിയാഴ്ച ഉച്ചയ്ക്ക് ജോലി സ്ഥലത്തുവച്ച് പരിക്കേറ്റത്. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു മിസൈൽ പതിച്ചത്. അഷ്കിലോണിൽ കെയർടേക്കർ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. അവിടെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഷീജയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടുകാരുമായി അവർ സംസാരിച്ചു. ഏഴ് വർഷമായി ഇസ്രായേലിലാണ് ഷീജ.