കുട്ടികളെ പെരിയാറിലെറിഞ്ഞ് അച്ഛനും പുഴയിൽ ചാടി മരിച്ചു; മൂന്ന് പേരുടെയും മൃതദേഹം കണ്ടെടുത്തു
കൊച്ചി: ആലുവയിൽരണ്ട് കുട്ടികളെ പെരിയാറിലെറിഞ്ഞ് അഛൻ പുഴയിൽ ചാടി മരിച്ചു. ആലുവ മണപ്പുറം നടപ്പാലത്തിൽ ശനി വൈകിട്ട് നാലിനാണ് സംഭവം. പാലാരിവട്ടം കളവത്ത് റോഡ് തുരാട്ട് പറമ്പ് ഉല്ലാസ് ഹരിഹരൻ (ബേബി 50) മക്കളായ കൃഷ്ണപ്രിയ (17), ഏകനാഥ് (13) എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെയും മൃതദേഹം കണ്ടെടുത്തു.
ഇവർ പകൽ 11നാണ് മണപ്പുറത്തെത്തിയത്. കുട്ടികൾ വെള്ളത്തിൽ വീഴുന്നത് കണ്ടവർ രക്ഷാപ്രവർത്തനം നടത്തി അര മണിക്കൂറിനകം രണ്ടുപേരെയും മുങ്ങിയെടുത്തു. ആലുവ ഗസ്റ്റ് ഹൗസ് മാനേജർ ജോസഫ് ജോണിന്റെ കാറിൽ ഇരുവരെയും ആലുവ ജില്ല ആശുപത്രിയിലും, നജത്ത് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ വൈകിട്ട് 6.30ഓടെ അച്ഛൻ ഹരിഹരന്റെ മൃതദേഹവും കണ്ടെടുത്തു. പെൺകുട്ടിയെയും അഛനെയും പാലത്തിന് സമീപത്തുനിന്നും മകനെ ശ്രീകൃഷ്ണ അമ്പലത്തിന്റെ കടവിൽ നിന്നുമാണ് കണ്ടെടുത്തത്.
മൂന്നുപേരുടെയും മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ. കാക്കനാട് സെസിൽ ജോലി ചെയ്യുന്ന രാജിയാണ് മരിച്ച ഉല്ലാസിന്റെ ഭാര്യ. ഇടപ്പള്ളി പള്ളിയിൽ പോകുന്നു എന്ന് പറഞ്ഞാണ് ഉല്ലാസ് മക്കളുമായി വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ഭാര്യ പറഞ്ഞതായി പൊലീസ് അറിയിച്ചു.