KeralaNews

റോഡിലെ വെള്ളക്കെട്ടില്‍‍ ഓട്ടോ മറി‌ഞ്ഞ് ഡ്രൈവര്‍ മരിച്ചു; വെള്ളം കെട്ടിനില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തോളം

മലപ്പുറം: എടവണ്ണ വടശ്ശേരിയിൽ ഓട്ടോ റോഡിലെ വെള്ളക്കെട്ടിൽ മറിഞ്ഞു ഡ്രൈവർ മരിച്ചു. വഴിക്കടവ് സ്വദേശി കാരേങ്ങൽ വീട്ടിൽ യുനസ് സലാം (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഏകദേശം 1.30 യോടെയാണ് സംഭവം. ഓട്ടോ ഡൈവർ സലാം അയൽവാസിയെ കരിപ്പൂർ വിമാനത്താവളത്തില്‍ കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് ഇദ്ദേഹത്തിന്‍റെ ഓട്ടോറിക്ഷ വടശ്ശേരി വളവിലെ വെള്ളക്കെട്ടിൽ മറിഞ്ഞത്. തുടർന്ന് യൂനുസ് സലാം ഇതിനടിയിൽ വെള്ളത്തിൽ അകപ്പെട്ടിരുന്നു.

ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടുപേര്‍ ചേർന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ, ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടുയാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയുടെ നവീകരണത്തിന് ശേഷമാണ് വടശ്ശേരി വളവിൽ ഇത്തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ നിരവധി തവണ പൊതുമരാമത്ത്, പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് പരാതി നൽകിയിട്ടുണ്ട്.

ഇതിനുമുന്‍പും സമാനമായ രീതിയിൽ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. എന്നിട്ടും യാതൊരു തരത്തിലുള്ള നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ വടശ്ശേരി വളവിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം സംഭവിച്ചത്. ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. റോഡിന്‍റെ അശാസ്ത്രീയമായ നിർമ്മാണമാണ് റോഡിൽ ഇത്തരത്തിൽ വലിയ വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. മരണപ്പെട്ട സലാമിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കും.

സലാമിന്‍റെ മരണത്തിന് പിന്നാലെ വടശ്ശേരി വളവിൽ ഗതാഗതം തടസപ്പെടുത്തി പ്രദേശവാസികൾ റോഡ് ഉപരോധിക്കുന്നു. ഇതോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ വടശ്ശേരി വഴി ഒരു വാഹനവും നാട്ടുകാർ കടത്തിവിടുന്നില്ല. ഗതാഗതം തടസമായതോടെ എടവണ്ണ പോലീസ് സംഭവസ്ഥലത്തെത്തി. പ്രതിഷേധക്കാരുടെ സംസാരിച്ചെങ്കിലും യാതൊരു കാരണവശാലും സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

മാസങ്ങളായി ഈ പാതയിലെ റോഡിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിട്ട്.
ചെറിയ ഒരു മഴ പെയ്താൽ ഒരു വാഹനത്തിനും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഈ വെള്ളക്കെട്ടിന് ഒരു തീരുമാനമാകാതെ റോഡിലൂടെ ഒരു വാഹനം കടത്തിവിടാതെ ശക്തമായ പ്രതിഷേധമായി റോഡിലിരിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. അധികൃതരുടെ ഭാഗത്തുനിന്ന് വെള്ളക്കെട്ട് ഇല്ലാതാക്കാനുള്ള നടപടി ഉണ്ടാകുന്നത് വരെ ഈ പ്രതിഷേധം തുടരുമെന്നും പ്രദേശവാസികൾ പറഞ്ഞു.

നിരവധി പേരാണ് റോഡിൽ കുത്തിയിരുന്ന് ഇപ്പോൾ പ്രതിഷേധം നടത്തുന്നത്. ഇതുമൂലം ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾ നിലവിൽ വികെ പടി വഴി കാവനൂർ വഴിയാണ് അരീക്കോട്ടേക്കും
എടവണ്ണയിലേക്കും യാത്ര ചെയ്യുന്നത്.

നിലവിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ മണിക്കൂറുകളായി സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെടുത്തി പ്രതിഷേധം തുടരുകയാണ്. അതേസമയം, ഈ അടുത്ത കാലത്താണ് ഈ പാതയുടെ റോഡ് നവീകരണം പൂർത്തിയായത്. ഈ സമയത്ത് കൃത്യമായി ഓവുചാലിലേക്ക് എത്താതെ നിർമ്മാണം പൂർത്തിയാക്കിയതാണ് ഇപ്പോൾ ഒരാളുടെ മരണത്തിന് ഇടയാക്കിയത് ഉൾപ്പെടെയുള്ള അപകടങ്ങൾ ഉണ്ടായതെന്നും പ്രദേശവാസികൾ പറഞ്ഞു. അതുകൊണ്ടുതന്നെ ഓട്ടോ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയവർക്ക് എതിരെ കർശന നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button