ലഖ്നൗ: തിരക്കു കൂടിയത് മൂലം വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്ന് ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിന്റെ ജനല്‍ തകര്‍ത്ത് അകത്തുകയറി യാത്രക്കാര്‍. ഉത്തര്‍പ്രദേശിലെ ബസ്തി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഛപ്രയില്‍ നിന്ന് മുംബൈയിലെ ലോകമാന്യതിലകിലേക്കുള്ള 15101 നമ്പര്‍ അന്ത്യോദയ എക്സ്പ്രസിന്റെ കോച്ചിന്റെ ജനലാണ് യാത്രക്കാര്‍ ചേര്‍ന്ന് തകര്‍ത്തത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വാതില്‍ തുറക്കാത്തത് മൂലം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഒരുസംഘം യാത്രക്കാര്‍ കമ്പാര്‍ട്ടുമെന്റിന്റെ ജനല്‍ ചില്ലുകളും ഇരുമ്പ് കമ്പികളും തകര്‍ത്ത് അകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ബസ്തി ആര്‍.പി.എഫ്. റെയില്‍വേ ആക്റ്റിലെ 145-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാത്ത യാത്രക്കാര്‍ക്കെതിരെയാണ് കേസ്.
ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. യാത്രക്കാരെക്കൊണ്ട് നിറഞ്ഞ നിലയിലാണ് അന്ത്യോദയ എക്സ്പ്രസ് ബസ്തി സ്റ്റേഷനിലെത്തിയത്. ഇനിയും ആളുകള്‍ കയറാതിരിക്കാനാണ് അകത്തുള്ള യാത്രക്കാര്‍ വാതിലുകള്‍ പൂട്ടിയത്. വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാര്‍ പ്രകോപിതരായി.പിന്നാലെ ഒരു യുവാവ് കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ത്തു. ബാക്കി യാത്രക്കാരും ഇതിനൊപ്പം ചേര്‍ന്ന് ജനല്‍ക്കമ്പികളും കൂടി തകര്‍ത്തു.