കൊടുവള്ളി: ബിജെപിയെ കേരളനിയമസഭയില്‍ കയറാന്‍ സഹായിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള ശ്രമം ഇപ്പോഴും നടക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. കെപിസിസി നേതാക്കളാണ് ബിജെപി ആയികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കോണ്‍ഗ്രസ് ജയിച്ചാല്‍ കോണ്‍ഗ്രസായി നിലനില്‍ക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത കാലമാണിത്. 35 സീറ്റ് ഞങ്ങള്‍ക്ക് ലഭിച്ചാല്‍ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കരുതുന്ന 36 സീറ്റുകള്‍ കൂടി കണ്ടാണ്. സംഘ്പരിവാറിനെതിരെ ഉറച്ച നിലപാട് എല്‍ഡിഎഫിന് മാത്രമാണ്. ബിജെപിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസും ലീഗും ഒരേ പോലെ ചിന്തിച്ചവരാണ്. കേരളത്തില്‍ ബിജെപിയെ തടയാന്‍ എല്‍ഡിഎഫിനെ കഴിയൂ. ഇടതുപക്ഷത്തിന്റെ കരുത്താണ് കേരളത്തില്‍ ബിജെപി വളരാത്തതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖ്, എളമരംകരീം എംപി, ആര്‍പി ഭാസ്‌കരന്‍, കെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
നേരത്തെ കേരളത്തില്‍ കോണ്‍ഗ്രസ് – ലീഗ് – ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ രംഗത്തെത്തിയിരുന്നു. നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും ഇത് ബിജെപിക്ക് നേട്ടമായെന്നും രാജഗോപാല്‍ പറഞ്ഞു. വടക്കന്‍ കേരളത്തിലായിരുന്നു സഖ്യം കൂടുതല്‍, സംസ്ഥാനത്ത് വോട്ടുകച്ചവടം ഉണ്ടായിട്ടുണ്ടെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
91ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ഉയര്‍ത്തിവട്ടതും എന്നാല്‍ ബിജെപി, കോണ്‍ഗ്രസ് നേതൃത്വം പാടെ നിഷേധിച്ചതുമായ ആരോപണമാണ് കേരളത്തിലെ ഏറ്റവും മുതര്‍ന്ന ബിജെപി നേതാവായ ഒ രാജഗോപാല്‍ സ്ഥിരീകരിക്കുന്നത്. സിപിഎം അതിക്രമങ്ങള്‍ കൂടുതലുളള പ്രദേശങ്ങളിലായിരുന്നു ഇത്തരം കൂട്ടുകെട്ട് ഏറെയെന്നും പാര്‍ട്ടിക്ക് നേട്ടമുണ്ടാകുന്ന തരത്തില്‍ മറ്റ് പ്രദേശങ്ങളിലും ഇത്തരം സഖ്യമുണ്ടായിട്ടുണ്ടെന്നും രാജഗോപാല്‍ സമ്മതിച്ചു. പ്രാദശിക തലത്തിലുളള ധാരണ നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു.
‘പ്രാദേശിക തലത്തിലായിരുന്നു ധാരണ. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ധാരണ ഉണ്ടായിരുന്നത്. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകള്‍ കൂടാന്‍ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും. അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല’, രാജഗോപാല്‍ പറയുന്നു.
എല്‍ഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമെന്നും രാജഗോപാല്‍ പറയുന്നു. സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ബാലശങ്കര്‍ ആരോ പറയുന്നത് ഏറ്റുപറയുകയാണെന്നാണ് രാജഗോപാല്‍ പറയുന്നത്.
താന്‍ ജയിച്ച നേമം മണ്ഡലത്തില്‍ കെ മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ പാരമ്പര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനിടെ മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് പൊതുയോഗത്തിന് കൊടുവള്ളി നഗരസഭ അനുമതി നിഷേധിച്ചത് വിവാദമായി. കൊടുവള്ളി നഗരസഭാ ബസ്റ്റാന്‍ഡില്‍ അനുമതി നല്‍കാനുള്ള ബൈ ലോ നിലവിലില്ലെന്ന് വിശദീകരണം. അനുമതി നല്‍കിയാല്‍ ഗതാഗത തടസ്സമുണ്ടാകുമെന്നും കൊടുവള്ളി നഗരസഭാ സെക്രട്ടറി വിശദീകരിച്ചു. നഗരസഭാ സെക്രട്ടറി എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് നല്‍കിയ കത്തിലായിരുന്നു വിശദീകരണം.