KeralaNews

മൂർഖന്റെ കടിയേറ്റിട്ടും വിട്ടില്ല, വലിച്ചെടുത്ത ശേഷം കാലിലെ രക്തം ഞെക്കിയെടുത്തു; വാവാ സുരേഷിന്റെ ദൃശ്യങ്ങൾ

ചങ്ങനാശ്ശേരി: കടിയേറ്റ ശേഷവും മൂര്‍ഖന്‍ പാമ്പിനെ അസാമാന്യ ധൈര്യത്തോടെ പിടികൂടുന്ന വാവാ സുരേഷിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആദ്യം മൂര്‍ഖനെ കൈയിലെടുത്ത ശേഷം നിരവധി തവണ ചാക്കിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും അതു വഴങ്ങിയില്ല. അതിനിടെ പാമ്പ് വാവാ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിച്ചു. ഉടന്‍ തന്നെ സുരേഷ് ബലം പ്രയോഗിച്ച് പാമ്പിനെ വലിച്ചെടുക്കുകയും തറയിലേക്കിടുകയും ചെയ്തു.

പാമ്പു കടിച്ച ഭാഗത്തെ രക്തം സുരേഷ് ഞെക്കിക്കളയുന്നതും ദൃശ്യങ്ങളിലുണ്ട്. കരിങ്കല്ലുകള്‍ക്കിടയിലേക്ക് ഇഴഞ്ഞുപോകുന്ന പാമ്പിനെ പിടിച്ചെടുത്ത് ചാക്കിലേക്ക് മാറ്റി. കടിയേറ്റതിന്റെ മുകള്‍ ഭാഗത്ത് തോര്‍ത്തു വച്ച് കെട്ടുകയും ചെയ്തു. വേഗത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കണെന്ന് കൂടെയുള്ളവരോട് ആവശ്യപ്പെട്ടു.

പഞ്ചായത്തംഗം ബിആര്‍ മഞ്ജീഷിന് ഒപ്പമാണ് വാവ സുരേഷ് പാമ്പു പിടിക്കാനെത്തിയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തൊണ്ടയില്‍ കൈ കടത്തി ഛര്‍ദിക്കാനും നെഞ്ചത്ത് കൈയടിച്ച് ശ്വാസഗതി നേരെയാക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. കോട്ടയത്തെ ഭാരത് ആശുപത്രിയിലാണ് സുരേഷിനെ ആദ്യം പ്രവേശിപ്പിച്ചത്. വാഹനത്തില്‍ നിന്ന് ഇറക്കുമ്പോള്‍ തന്നെ ആന്റിവെനം കുത്തിവയ്പ്പ് നല്‍കിയിരുന്നു. അതിവേഗത്തില്‍ തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ചികിത്സക്കായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ദ്രാവക രൂപത്തിലുള്ള ഭക്ഷണം സ്വീകരിക്കുന്നുണ്ട്. ആരോഗ്യ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് വീണ്ടും ചേരും.

വെന്റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ചികിത്സയുടെ മുഴുവന്‍ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. വാവ സുരേഷിന് വേണ്ടി പ്രാര്‍ഥനയിലാണ് കോട്ടയം കുറിച്ചി പാട്ടാശേരിയിലെ ജനം.

ദൃശ്യം പകര്‍ത്തിയ യൂട്യൂബര്‍ കൂടിയായ സുധീഷ് കുറിച്ചി പറഞ്ഞതിങ്ങനെ:

കടിയേറ്റ ശേഷവും സുരേഷ് പാമ്പിനെ വീട്ടില്ല. പാന്റ്‌സ് മുട്ടിനു മുകളിലേക്കു കയറ്റി വച്ച്‌ കരിങ്കല്‍ കെട്ടിനുള്ളിലേക്ക് കയറിയ പാമ്പിനെ വീണ്ടും പിടികൂടി. ഒരു കയ്യില്‍ പാമ്പിനെ പിടിച്ച്‌ മറു കൈ കൊണ്ട് കടിയേറ്റ ഭാഗത്തെ രക്തം സുരേഷ് ഞെക്കി കളഞ്ഞു കൊണ്ടേയിരുന്നു. കാലിന് മുകളില്‍ തോര്‍ത്തു കൊണ്ട് കെട്ടി ആശുപത്രിയിലേക്ക് തിരിച്ചു. ഏറ്റവും അടുത്ത ആശുപത്രിയില്‍ ഉടന്‍ എത്തിച്ച്‌ ആന്റി വനം നല്‍കണമെന്ന് വാവാ സുരേഷ് തന്നെ ഒപ്പം ഉണ്ടായിരുന്നവരോട് പറഞ്ഞു.

ജനുവരി 31ന് വൈകുന്നേരം അഞ്ചു മണിയോടെ വെന്റിലെറ്ററില്‍ പ്രവേശിപ്പിച്ചു വാവ സുരേഷ് ഇത് വരെ പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker