KeralaNews

രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ തിരിച്ചുനൽകി ചാരിറ്റി പ്രവർത്തകൻ

കോഴിക്കോട്: ചികിത്സയ്ക്കായി മൂന്ന് കോടി പിരിച്ചുനല്‍കിയതിന് രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ കാര്‍ തിരിച്ചുനല്‍കി ചാരിറ്റി പ്രവര്‍ത്തകന്‍ ഷമീര്‍ കുന്ദമംഗലം. സമ്മാനം കൈപ്പറ്റിയതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കാര്‍ തിരിച്ചുകൊടുത്തത്.

മലപ്പുറം കൊണ്ടോട്ടിയില്‍വെച്ചാണ് കുടുംബത്തിന് താക്കോല്‍ തിരികെ നല്‍കിയത്. ഇതിന്റെ വീഡിയോ ഷമീര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ആ കാറില്‍ സമാധാനത്തോടെ സഞ്ചരിക്കാന്‍ കഴിയില്ലെന്നും അത് സ്വീകരിച്ച തന്റെ നടപടി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഷമീര്‍ വ്യക്തമാക്കി. കാറിന്റെ താക്കോല്‍ തന്നപ്പോല്‍ വേദിയില്‍വെച്ച് തന്നെ താന്‍ അത് നിരസിക്കണമായിരുന്നുവെന്നും എന്നാല്‍ കുടുംബത്തിന് പ്രയാസമാകും എന്നതിനാലാണ് താന്‍ അത് ചെയ്യാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.എം.എം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ഓണ്‍ലൈന്‍ ചാരിറ്റിയിലൂടെയാണ് ഷമീര്‍ മൂന്ന് കോടി രൂപ സമാഹരിച്ചുനല്‍കിയത്. കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചികിത്സ സഹായ സമിതിയുടെ കണക്ക് അവതരണ ചടങ്ങിലാണ് രോഗിയുടെ കുടുംബം കാറിന്റെ താക്കോല്‍ കൈമാറിയത്. കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

നേരത്തെ കാര്‍ സ്വീകരിച്ചതിനെതിരെ ഷമീര്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കാര്‍ സമ്മാനമായി നല്‍കാന്‍ കഴിവുള്ള കുടുംബത്തിന് വേണ്ടിയാണോ പൊതുജനങ്ങളില്‍നിന്ന് പണം പിരിച്ചത് എന്നായിരുന്നു പ്രധാന വിമര്‍ശനം. ചികിത്സയ്ക്കായി വലിയ തുക ആവശ്യമുള്ള കുടുംബത്തില്‍നിന്ന് കാര്‍ സമ്മാനമായി സ്വീകരിച്ചതും വിമര്‍ശനത്തിന് കാരണമായി.

ഇതിന് പിന്നാലെ ഷമീര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചികിത്സയ്ക്കായി പിരിച്ച തുകയില്‍നിന്ന് ഒരു രൂപ പോലും ഈ കാറിന് വേണ്ടി ചെലവഴിച്ചിട്ടില്ല എന്നാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ വിശദീകരണം നല്‍കിയത്. രോഗിയുടെ കുടുംബം പിരിവിട്ടാണ് തനിക്ക് കാര്‍ സമ്മാനിച്ചതെന്നും അത് പുതിയ കാര്‍ അല്ലെന്നും ഷമീര്‍ പറഞ്ഞിരുന്നു. ഏകദേശം 12 ലക്ഷം രൂപ മാത്രം വില വരുന്ന 2017 മോഡല്‍ കാറാണ് തനിക്ക് സമ്മാനിച്ചതെന്നും ആളുകള്‍ പങ്കുവെച്ച ചിത്രത്തിലുള്ള ‘ജസ്റ്റ് ഡെലിവേര്‍ഡ്’ എന്ന് രേഖപ്പെടുത്തിയ കാര്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഷമീര്‍ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker