KeralaNews

‘അത് ബ്ലാക്‌മെയിലിങ് ആയിരുന്നില്ല; മുകേഷിനോട് ഞാന്‍ പണം ചോദിച്ചുവെന്നത് ശരിയാണ്; സഹായം എന്ന നിലയിലാണ് പണം ചോദിച്ചത്;സര്‍ക്കാരിന് നന്ദി പറഞ്ഞ് അതിജീവിത

കൊച്ചി: മുകേഷ് ഒരു എംഎല്‍എയായതിനാല്‍ നീതി കിട്ടും എന്ന് കരുതിയില്ലെന്ന് പീഡനപരാതി നല്‍കിയ ആലുവ സ്വദേശിയായ നടി. ഇപ്പോള്‍ ആ അവസരത്തില്‍ എസ്ഐടിയോടും സര്‍ക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി പറഞ്ഞു. മുകേഷിനോട് പണം ചോദിച്ചു എന്നത് ശരിയാണെന്നും എന്നാല്‍ അത് ബ്ലാക്‌മെയിലിങ് ആയിരുന്നില്ലെന്നും നടി പ്രതികരിച്ചു. സഹായം എന്ന നിലയിലാണ് പണം ചോദിച്ചതെന്നും അത് പറയാന്‍ തനിക്ക് നാണക്കേടില്ല. എസ്.ഐ.ടി സംഘം ഫോണില്‍നിന്നും മെയിലില്‍ നിന്നും മുകേഷുമായുള്ള എല്ലാം വീണ്ടെടുത്തു. ഞാന്‍ ചെയ്ത മെസേജ് എല്ലാം അതിനകത്തുണ്ട്. എല്ലാ തെളിവുകളും എസ്.ഐ.ടി സംഘം എടുത്തിട്ടുണ്ടെന്നും നടി പറഞ്ഞു.

ലൈംഗികപീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. മുകേഷിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നും ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നുമാണ് അന്വേഷണസംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

നടിയുടെ വാക്കുകള്‍: ദൈവം എപ്പോഴും സത്യത്തിന്റെ കൂടെയാണ്. സത്യം പറയാമല്ലോ, എന്റെ കൈയില്‍ അത്ര വലിയ തെളിവുകളൊന്നും ഉണ്ടെന്ന് അറിയില്ലായിരുന്നു. പക്ഷേ, അന്വേഷണസംഘം ആദ്യമേ പറഞ്ഞത് ഒരു കാരണവശാലും യൂട്യൂബില്‍ നോക്കരുത്, കൂടെ ഞങ്ങളുണ്ടെന്നാണ്. ഒരു കാരണവശാലും തളരരുതെന്ന് പറഞ്ഞു. ഇതെന്താണ് ഇങ്ങനെ പറയുന്നത് എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ, എസ്.ഐ.ടിയുടെ അത്യുജ്ജല അന്വേഷണം കണ്ടപ്പോള്‍ ഇനി ഞാനാണോ പ്രതിയെന്ന് ചിന്തിച്ചു. ഒരു പ്രശ്നം വരുമ്പോള്‍ കള്ളം പെട്ടന്ന് പ്രചരിപ്പിക്കും. അതുകണ്ട് തളരാന്‍ പാടില്ല. നമ്മുടെ ഭാഗത്താണ് സത്യമെങ്കില്‍ പോലീസുകാരുടെ കൂടെ കട്ടയ്ക്ക് നില്‍ക്കുക. അവര്‍ നമ്മളെ ചേര്‍ത്തുപിടിക്കും. നമ്മള്‍ അവര്‍ക്കൊപ്പം പരമാവധി സഹകരിക്കുക.

2008-09 ആണല്ലോ സംഭവം നടന്നത്. അപ്പോള്‍ ഉണ്ടായിരുന്ന മെയിലിന്റെ പാസ്വേഡ് പോലും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ, എസ്.ഐ.ടിയുടെ ഉഗ്രന്‍ അന്വേഷണമായിരുന്നു. അവര്‍ 2006 തൊട്ടുള്ളതാണോ, ഞാന്‍ ജനിക്കും മുന്നേയുള്ളതാണോ എന്നറിയില്ല എല്ലാം വീണ്ടെടുത്തു. നമ്മള്‍ ആര്‍ക്കെങ്കിലും എതിരേ ഒരു തന്ത്രം മെനഞ്ഞാല്‍ ദൈവം ആ തന്ത്രംകൊണ്ട് തന്നെ അവരെ കുരുക്കും. മുകേഷ് ഏട്ടന്‍ പറഞ്ഞു, ഞാന്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന്. അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. കാശ് ചോദിച്ചു എന്നത് ശരിയാണ്.

കാശ് ചോദിച്ചതിനേക്കുറിച്ച് ഞാന്‍ തന്നയാണ് പറഞ്ഞത്. അങ്ങനെയാണ് എല്ലാവരും അറിയുന്നത്. 15 വര്‍ഷം മുമ്പ് ഞാനൊരു സിംഗിള്‍ പാരന്റായിരുന്നു. കുട്ടിക്ക് പെട്ടന്ന് 40,000 രൂപ കെട്ടണം. 25,000 രൂപയുടെ കുറവുണ്ട്. ആ സമയത്ത് മുകേഷേട്ടന്റെ ഫോണ്‍ വരുന്നു. കുറച്ച് ടെന്‍ഷനിലാണ് 25,000 മറിക്കാനുണ്ടാകുമോ എന്ന് ചോദിച്ചു. ഞാന്‍ അത് ഇപ്പോഴും എല്ലാവരോടും പറയും. എനിക്ക് ഒരു നാണക്കേടുമില്ല. ഒരു സഹായം ചോദിച്ചു എന്നത് ശരിയാണ്.

എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളില്‍ വാട്‌സാപ് ചാറ്റുകളുണ്ടെന്നും ഇമെയില്‍ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

സിനിമയില്‍ ഒപ്പം അഭിനയിച്ചപ്പോഴും അമ്മയില്‍ അംഗത്വത്തിന് അപേക്ഷിച്ചപ്പോഴും മുകേഷ് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ‘കലണ്ടര്‍’ സിനിമ ചിത്രീകരണത്തിനിടെയാണു മുകേഷിനെ പരിചയപ്പെട്ടത്. വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. താനറിയാതെ അമ്മയില്‍ കയറാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ ലൈംഗികച്ചുവയുള്ള, കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ പറഞ്ഞു. ഇതിനു ശേഷം ‘നാടകമേ ഉലകം’ എന്ന ചിത്രത്തിനായി എത്തിയപ്പോള്‍ വീണ്ടും കണ്ടു. അന്നു തന്നെ കടന്നുപിടിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും ആലുവ സ്വദേശിയായ നടി വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker