ഹണി റോസിന് മാത്രമല്ല തന്റെ പേരിലും തമിഴ്‌നാട്ടില്‍ ക്ഷേത്രം,വെളിപ്പെടുത്തലുമായി നടി
കൊച്ചി:മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. നിരവധി ഹിറ്റുകളിലെ നായികയാണ് ഹണി റോസ്. കഴിഞ്ഞ ദിവസം തന്റെ പേരില്‍ തമിഴ് നാട്ടില്‍ അമ്പലമുണ്ടെന്ന ഹണി റോസിന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഹണി റോസിന്റെ വെളിപ്പെടുത്തല്‍. പിന്നാലെയിത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു.
ഇതിന് പിന്നാലെ ഹണി റോസിനെതിരെ ചിലര്‍ ട്രോളുകളുമായി എത്തിയിരുന്നു. ഹണി റോസ് തള്ളുകയാണെന്നായിരുന്നു ചിലരുടെ പരിഹാസം. എന്നാല്‍ ഇത് അങ്ങനെ തമാശയായി തള്ളിക്കളയേണ്ടെന്നാണ് നടി സൗപര്‍ണിക പറയുന്നത്. തന്റെ പേരിലും തമിഴ്‌നാട്ടില്‍ അമ്പലമുണ്ടെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു സൗപര്‍ണികയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഹലോ നമസ്‌കാരം, തന്റെ പേരില്‍ അമ്പലം ഉണ്ടാക്കിയെന്ന് പറയുന്ന ഹണി റോസിന്റെ വീഡിയോ ഞാന്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഇതിന് ശേഷം പുള്ളിക്കാരിയെ ആളുകള്‍ ട്രോളുന്നതും കണ്ടിരുന്നു. പക്ഷെ ട്രോളേണ്ട ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്താണെന്ന് വച്ചാല്‍ കഴിഞ്ഞ 15 വര്‍ഷമായി പാണ്ടി എന്നു പറയുന്നൊരാള്‍ എന്നെ വിളിക്കാറുണ്ട്. പുള്ളിക്കാരിയോട് പറയുന്ന അതേ കാര്യങ്ങള്‍ എന്നോടും പറയാറുണ്ട്.
എന്റെ ജന്മദിനം, ആനിവേഴ്‌സറി, എന്റെ ബന്ധുക്കളുടെ ജന്മദിനം ഒക്കെ അദ്ദേഹം ആഘോഷിക്കുകയും പായസമുണ്ടാക്കുകയും ചെയ്യാറുണ്ട് എന്നാണ് പറയുന്നത്. എന്റെ പേരില്‍ അമ്പലം വരെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിന്റെ പേരില്‍ ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെ എന്നെ സ്ഥിരം കളിയാക്കാറുണ്ട്. എന്റെ പേരില്‍ അമ്പലമുണ്ടാക്കിയെന്ന് പറയുന്നാള്‍ ഹണിയുടെ പേരില്‍ അമ്പലം ഉണ്ടാക്കുമല്ലോ എന്നാണ് സൗപര്‍ണിക ചോദിക്കുന്നത്.
ഹണി പറയുന്നത് പാണ്ടിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ്. പക്ഷെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ചെന്നൈയില്‍ ഒരു പരിപാടിയ്ക്ക് പോയപ്പോഴാണ് കണ്ടത്. പുള്ളിയുടെ ഫോട്ടോയും എന്റെ കയ്യിലുണ്ട്. പിന്നെ എല്ലാ ദിവസവും രാവിലെ എനിക്ക് മെസേജ് അയക്കും. എങ്കള്‍ ഗ്രാമത്തിന് കടവുള്‍, അമ്മ, കുമ്പിടറേന്‍, കാലൈ വണക്കം എന്നൊക്കെ പറഞ്ഞ്. പിന്നാലെ സൗപര്‍ണിക മെസേജ് കാണിച്ചു തരുന്നുണ്ട്.
നമ്മളെ ഒരാള് സ്‌നേഹിക്കുന്നതും നമ്മള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതുമൊക്കെ സന്തോഷമുള്ള കാര്യമാണ്. പക്ഷെ ചെന്നൈ സ്വദേശി, പാണ്ടി എന്ന പേര്, പറയുന്ന കാര്യങ്ങളൊക്കെ ഒരുപോലെ ആയപ്പോള്‍ ആ പാണ്ടി തന്നെ അല്ലേ ഈ പാണ്ടിയെന്ന് തോന്നിപ്പോയെന്നും സൗപര്‍ണിക പറയുന്നു. വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ആരാധനയാകാം പക്ഷെ ഇതുപോലെ അതിരു വിടരുതെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
തന്നെ പ്രതിഷ്ഠയായി വച്ചിരിക്കുന്ന ഒരു അമ്പലം തമിഴ്നാട്ടില്‍ ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത്. നേരില്‍ പോയി കണ്ടിട്ടില്ല. എന്നോട് ഭയങ്കര സ്നേഹമുള്ള വ്യക്തിയാണ് അദ്ദേഹം. ബോയ് ഫ്രണ്ട് മുതല്‍ എല്ലാ ആഴ്ചയും എന്നെ വിളിക്കും. പാണ്ടി എന്ന് അദ്ദേഹത്തെ വിളിക്കാനാണ് പറയുന്നത്. ഏത് സിനിമ ഇറങ്ങിയാലും പേപ്പറില്‍ ഒരു ഫോട്ടോ വന്നാലും പുള്ളി വിളിക്കും എന്നായിരുന്നു ഹണി റോസ് പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുന്നതൊക്കെ വല്യ സംഭവമായിട്ടാണ് അദ്ദേഹം പറയുന്നത്. പിന്നെ ഞാനിങ്ങനെ ഒരു അമ്പലം പണിതു. അതിലെ പ്രതിഷ്ഠ ഞാനാണെന്നും പറഞ്ഞതായി ഹണി റോസ് പറഞ്ഞിരുന്നു.
അതേസമയം, സിനിമയില്‍ നിന്ന് സീരിയലിലേക്ക് എത്തിയ താരങ്ങളിലൊരാളാണ് സൗപര്‍ണിക. പൊന്നൂഞ്ഞാലായിരുന്നു ആദ്യ സീരിയല്‍. ഇതിനോടകം തന്നെ നിരവധി വേഷങ്ങള്‍ സൗപര്‍ണിക ചെയ്തു. 17 വര്‍ഷത്തിലധികമായി സീരിയല്‍ രംഗത്ത് സജീവമാണ് സൗപര്‍ണിക.
അവന്‍ ചാണ്ടിയുടെ മകനായിരുന്നു സൗപര്‍ണികയുടെ ആദ്യത്തെ സിനിമ. അതിന് ശേഷം തന്മാത്രയിലും അഭിനയിച്ചിരുന്നു. മാനസപുത്രി എന്ന സീരിയലിലെ ദീപ എന്ന കഥാപാത്രമായാണ് സൗപര്‍ണിക ഇപ്പോഴും അറിയപ്പെടുന്നത്.