മരണം ഉറപ്പാക്കാന്‍ പലതവണ തലക്കടിച്ചു, പാചക വാതക സിലിണ്ടര്‍ തുറന്ന് വിട്ടത് തെളിവ് നശിപ്പിക്കാന്‍; താഴത്തങ്ങാടി കൊലപാതകത്തില്‍ പ്രതിയുടെ കുറ്റസമ്മതം
കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പാക്കാന്‍ പല തവണ തലയ്ക്കടിച്ചു. ടീപോയ് വെച്ചാണ് ആദ്യം തലയ്ക്കടിച്ചത്. ശേഷം തെളിവ് നശിപ്പിക്കാനാണ് പാചക വാതക സിലണ്ടര്‍ തുറന്ന് വിട്ടുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇരുവരെയുടെയും കൈകാലുകളില്‍ ഷോക്കടിപ്പിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെയാണ് വീടിനുള്ളില്‍ ആക്രമിച്ചു വീഴ്ത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീബ തിങ്കളാഴ്ച തന്നെ മരിച്ചിരുന്നു. ഇവരുടെ അയല്‍വാസിയായ മുഹമ്മദ് ബിലാല്‍ (23) ആണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. എറണാകുളത്തു നിന്നാണു പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചു. പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
താഴത്തങ്ങാടിയില്‍ തന്നെ താമസിക്കുന്ന പ്രതി മുഹമ്മദ് ബിലാല്‍ മോഷണം തന്നെ ലക്ഷ്യമിട്ടാണ് സ്ഥലത്ത് എത്തിയിരുന്നത്. താഴത്തങ്ങാടി പുളിമൂട് ഭാഗത്ത് പിതാവിനൊപ്പം ഹോട്ടല്‍ നടത്തുകയാണ് പ്രതി. ഇയാള്‍ വര്‍ഷങ്ങളോളം, ഷീബയുടെ സഹോദരന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഇത്തരത്തിലാണ് പ്രതിയ്ക്ക് കുടുംബവുമായി അടുപ്പം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ അടുപ്പം ഉണ്ടായിരുന്ന പ്രതി സംഭവ ദിവസം രാവിലെ മോഷണം നടത്തണമെന്ന ലക്ഷ്യത്തോടെ സംഭവം നടന്ന വീട്ടില്‍ എത്തുകയായിരുന്നു. മുന്‍ പരിചയം ഉള്ള പ്രതി എത്തിയതോടെ ഷീബ വാതില്‍ തുറന്ന് നല്‍കി. തുടര്‍ന്ന് ഉള്ളില്‍ പ്രവേശിച്ച പ്രതിയ്ക്ക് ഇവര്‍ ഗ്ലാസില്‍ വെള്ളം നല്‍കി. ഷീബ ഭക്ഷണം പാകം ചെയ്യുന്നതിനായി വീടിനുള്ളിലേയ്ക്ക് പോയ ഉടന്‍ തന്നെ പ്രതി സാലിയെ തലക്ക് അടിച്ച് വീഴ്ത്തി. മുറിയിയിലുണ്ടായിരുന്ന ടീപ്പോ ഉപയോഗിച്ചാണ് പ്രതി തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന് ശബ്ദം കേട്ട് എത്തിയ ഷീബയെയും ആക്രമിച്ചു. തുടര്‍ന്ന് വീടിനുള്ളില്‍ പരിശോധന നടത്തി സ്വര്‍ണവും പണവും കവര്‍ന്ന ശേഷം കാറുമായി രക്ഷപെടുകയായിരുന്നു.