നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ എന്നെ ആ സിനിമയില്‍ നിന്ന് മാറ്റി; വെളിപ്പെടുത്തലുമായി തപ്‌സി പന്നു
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും തെന്നിന്ത്യയിലും തിളങ്ങുന്ന താരമാണ് നടി തപ്സി പന്നു. ഇപ്പോളിതാ ചലച്ചിത്ര ലോകത്ത് ചുവടുറപ്പിക്കുന്ന സമയത്ത് തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെപ്പറ്റി വെള്ളിപ്പെടുത്തുകയാണ് താരം.
തുടക്കക്കാലത്ത് വളരെ വിചിത്രമായ അനുഭവങ്ങളാണ് സിനിമയില്‍ നിന്ന് എനിക്കുണ്ടായത്. ഞാന്‍ സുന്ദരിയല്ല, കാണാന്‍ കൊള്ളില്ല എന്നൊക്കെയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഒരു ചിത്രത്തില്‍ നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ അവഗണന നേരിട്ടുണ്ട്. അതിന്റെ പേരില്‍ എന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ഒരിക്കല്‍ ഒരു ചിത്രത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തുകൊണ്ടിരിക്കെയായിരുന്നു. ആ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ എന്നോട് ഇപ്പോള്‍ ഡബ്ബ് ചെയ്ത ഡയലോഗ് മാറ്റണം എന്നുപറഞ്ഞു. കാര്യം തിരക്കിയപ്പോള്‍, ആ ഡയലോഗ് നായകന് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് മാറ്റണമെന്നായിരുന്നു പറഞ്ഞത്. ഞാന്‍ മാറ്റില്ല എന്ന് പറഞ്ഞു. എന്നാല്‍ ആ ഭാഗം വേറെ ആളെ വെച്ച് അവര്‍ ഡബ്ബ് ചെയ്ത് കൂട്ടിച്ചേര്‍ത്തു, തപ്സി പറഞ്ഞു.
മറ്റൊരു സമയത്ത് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ എന്നോട് പ്രതിഫലം കുറയ്ക്കണം എന്നുപറഞ്ഞു. എന്തിനാണ് എന്റേത് മാത്രം കുറയ്ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, ഹീറോയുടെ മുമ്പത്തെ പടം അത്ര ഓടിയില്ല. സാമ്പത്തിക ഞെരുക്കത്തിലാണ്. അതുകൊണ്ട് നായികയായ എന്റെ പ്രതിഫലം കുറയ്ക്കണമെന്നായിരുന്നു മറുപടി.
മറ്റൊരു ചിത്രത്തില്‍ എന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പൂര്‍ണ്ണമായി മാറ്റിയിട്ടുണ്ട്. നായികയ്ക്ക് തന്നെക്കാള്‍ പ്രാധാന്യമുള്ള സീന്‍ വേണ്ടെന്ന് ആ ചിത്രത്തിലെ നായകന്‍ സംവിധായകന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ പേരിലാണ് തന്റെ സീന്‍ വെട്ടിച്ചുരുക്കിയത്, തപ്സി പറഞ്ഞു. ‘ബാഡ് ലക്ക്’ നടിയാണ് താനെന്ന് പല നിര്‍മ്മാതാക്കളും സംവിധായകരും ഈയടുത്ത കാലം വരെ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ പലരും അവരുടെ ചിത്രത്തിലേക്ക് തന്റെ പേര് പോലും നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.