കൊച്ചി: തനിക്കെതിരേ അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയ സംഭവത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരേ നടപടിയെടുത്തതില്‍ മുഖ്യമന്ത്രിക്കും പോലീസിനും നന്ദിയറിച്ച് നടി ഹണി റോസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നടിയുടെ നന്ദിപറച്ചില്‍.
ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള തന്റെ പോരാട്ടത്തിനു ഒപ്പം നിന്ന് ശക്തമായ ഉറവു നല്‍കി നടപടി എടുത്ത കേരള സര്‍ക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയന്‍ അദ്ദേഹത്തിനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്ന് ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇതോടൊപ്പം ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി മനോജ് എബ്രഹാം, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസ് എന്നിവരടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഹണി റോസ് പേരെടുത്ത് പറഞ്ഞ് നന്ദിയറിയിച്ചിട്ടുണ്ട്.
ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു. വയനാടുനിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബോബിയുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തിയേക്കും. വൈദ്യപരിശോധനയ്ക്ക് ശേഷം ബോബി ചെമ്മണൂരിനെ ഇന്നു തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനും സാധ്യതയുണ്ട്. ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തിയിരിക്കുന്നതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ സാധ്യമല്ല.