KeralaNews

'ഷഹബാസിനെ കൊല്ലും, കൂട്ടത്തല്ലിൽ മരിച്ചാ കേസുണ്ടാകില്ല, തള്ളിപ്പോകും'; ക്രൂരം, ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങൾ പുറത്ത്. ആക്രണമത്തിന് ശേഷം നടന്ന ചാറ്റുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

'ഷഹബാസിനെ കൊല്ലണം എന്ന് പറഞ്ഞാൽ കൊല്ലും… അവന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണ് ഇല്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം…' തുടങ്ങി അക്രമത്തിന് ശേഷവും കലിയടങ്ങാത്ത വിദ്യാർത്ഥികളുടെ സന്ദേശം ആണ് പുറത്ത് വന്നത്. 'കൂട്ടത്തല്ലിൽ മരിച്ചാൽ പ്രശ്നം ഇല്ല , പോലീസ് കേസ് എടുക്കില്ല…' തുടങ്ങിയ കാര്യങ്ങളും വിദ്യാർഥികൾ സംസാരിക്കുന്നുണ്ട്.

കോഴിക്കോട്‌ താമരശ്ശേരിയിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി കഴിഞ്ഞ ദിവസം രാത്രിയോടെ മരിക്കുകയായിരുന്നു. എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചത്‌. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാൽ-റംസീന ദമ്പതിമാരുടെ മകനാണ്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് എന്ന സ്വകാര്യ ട്യൂഷൻ സെന്ററിനു സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നടന്ന സംഘർഷത്തിലാണ്‌ തലയ്ക്ക് പരിക്കേറ്റത്‌.

സംഘർഷത്തിൽ ഉൾപ്പെട്ട കുറ്റാരോപിതരിൽ താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ എസ്.എസ്.എൽ.സി. വിദ്യാർഥികളായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാവാത്തതിനാൽ തുടർനടപടിയുടെ ഭാഗമായി ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കുകയും ശനിയാഴ്ച രാവിലെ 11-ന് ഹാജരാവാൻ നിർദേശിച്ച് രക്ഷിതാക്കൾക്കൊപ്പം ജാമ്യത്തിൽ വിടുകയുമായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനിൽവെച്ച് ട്രിസ് ട്യൂഷന്റെ സെന്ററിൽ പഠിക്കുന്ന വിവിധ സ്കൂളുകളിൽനിന്നുള്ള പത്താംക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘർഷത്തിന് തുടക്കം. എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാർഥികൾ നൃത്തംചെയ്യുന്നതിനിടെ ഫോണിന്റെ സാങ്കേതികപ്രശ്നത്തെത്തുടർന്ന് പാട്ട് നിലച്ച് നൃത്തം തടസ്സപ്പെട്ടു. ഇതിനെ തുടർന്ന് രണ്ടു സ്കൂളിലെയും ട്യൂഷൻ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി എളേറ്റിൽ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ പുറത്തുനിന്നുള്ള വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു. ഈ സംഘർഷത്തിലാണ്‌ ഷഹബാസിന്‌ പരിക്കേറ്റത്‌.

താമരശ്ശേരി: ട്യൂഷൻ സെന്ററിലെ യാത്രയയപ്പ്‌ പരിപാടിക്കിടെയുണ്ടായ തർക്കമാണ്‌ വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും ഒരു വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്‌. ഞായറാഴ്ചത്തെ യാത്രയയപ്പ്‌ പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മിൽ വാക്കുകൾകൊണ്ട് പരസ്പരം പോരടിച്ചിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം.

വ്യാഴാഴ്ചത്തെ ക്ലാസ് കഴിഞ്ഞതിനുശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു. വൈകീട്ട് ആറരയോടെ താമരശ്ശേരി-വെഴുപ്പൂർ റോഡിലെ ചായക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മിൽത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെനിന്ന്‌ പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട്‌ റോഡിനു സമീപത്തുവെച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തിനിടെ മർദനമേറ്റ് മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. നഞ്ചക്കുപോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർഥികൾ പോലീസിനെ അറിയിച്ചത്. അതേസമയം, താമരശ്ശേരിയിലെ വിദ്യാർഥികൾകൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി.

തലയ്ക്ക് ക്ഷതമേറ്റെങ്കിലും പുറമേ കാര്യമായ മുറിവോ മറ്റോ ഇല്ലാത്തതിനാൽ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോൾ ഷഹബാസ് ഛർദിക്കുകയും തളരുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയതാണോയെന്ന സംശയം തോന്നി വീട്ടുകാർ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഘർഷത്തെപ്പറ്റി അറിഞ്ഞത്.

തുടർന്ന് വീട്ടുകാർ ഷഹബാസിനെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അതിതീവ്ര പരിചരണവിഭാഗത്തിലേക്ക്‌ മാറ്റുകയായിരുന്നു. ഷഹബാസിന് തലച്ചോറിൽ ആന്തരികരക്തസ്രാവവും ചെവിക്കു സമീപം എല്ലിന് പൊട്ടലുമുണ്ടായിരുന്നു. ഒരുദിവസത്തിലേറെ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിഞ്ഞ വിദ്യാർഥി ഒടുവിൽ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker