ബാങ്കോക്ക്: കൊറോണാ വൈറസ് ബാധിച്ച രോഗികള്‍ക്ക് വിജയകരമായി ചികിത്സ നല്‍കിയതായി തായ് ഡോക്ടര്‍മാര്‍. പനിയുടെയും, എച്ച്ഐവിയുടെയും മരുന്നുകള്‍ ഒരുമിച്ച് പ്രയോഗിച്ചാണ് വിജയം കണ്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരുന്ന് പരീക്ഷിച്ച് 48 മണിക്കൂറില്‍ തന്നെ മികച്ച രീതിയില്‍ രോഗം ഭേദമായി തുടങ്ങിയെന്നാണ് പ്രാഥമിക പരിശോധനകള്‍ വ്യക്തമാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
ബാങ്കോക്കിലെ രാജവീഥി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് കൊറോണാവൈറസ് ചികിത്സയില്‍ പുതിയ വഴി പരീക്ഷിക്കുന്നത്. ഇവരുടെ പരിചരണത്തില്‍ നിരവധി രോഗികളുടെ അവസ്ഥ മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 10 ദിവസം മുന്‍പ് വുഹാനില്‍ നിന്നെത്തി കൊറോണാവൈറസ് പോസിറ്റീവായി കണ്ടെത്തിയ 70 വയസ്സുള്ള ചൈനീസ് സ്ത്രീയും ഇതില്‍ ഉള്‍പ്പെടും.
എച്ച്ഐവിയെ നേരിടാന്‍ ഉപയോഗിക്കുന്ന ലോപിനാവിര്‍, റിടോനാവിര്‍ എന്നിവയ്ക്ക് പുറമെ പനിയ്ക്കുള്ള മരുന്നായ ഒസെല്‍ട്ടാമിവിര്‍ വലിയ ഡോസില്‍ ചേര്‍ത്തുമാണ് കൊറോണാവൈറസ് ചികിത്സ നടത്തിയത്. ‘ഇതുകൊണ്ട് രോഗം ഭേദമാകില്ല, പക്ഷെ രോഗിയുടെ അവസ്ഥ വേഗത്തില്‍ മെച്ചപ്പെടുന്നുണ്ട്. പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ട രോഗിക്ക് ഈ മരുന്ന് കോമ്പിനേഷന്‍ നല്‍കി 48 മണിക്കൂറില്‍ നെഗറ്റീവായി മാറി’, രാജവീഥിയിലെ ശ്വാസകോശ സ്പെഷ്യലിസ്റ്റ് ഡോ. ക്രിയാംഗ്സ്‌ക അതിപോണ്‍വാനിച്ച് പറഞ്ഞു.