KeralaNews

അധ്യയനവര്‍ഷം പൂര്‍ത്തിയാകും മുമ്പ് അടുത്തവര്‍ഷത്തെ പുസ്തകം വിതരണത്തിന് തയ്യാര്‍,വമ്പന്‍ നേട്ടവുമായി വിദ്യാഭ്യാസ വകുപ്പ്

കൊച്ചി: പാഠപുസ്തകത്തിനായുള്ള സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നീണ്ട കാത്തിരിപ്പിന് വിട,പാഠപുസ്തകങ്ങളുടെ ക്ഷാമം മൂലം പാഠഭാഗങ്ങള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് രക്ഷിതാക്കളും വലയണ്ട. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി

അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാക്കനാട് കേരള ബുക്‌സ് ആന്റ പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ നടന്ന വിതരണോദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങള്‍ ഒന്നാം വാല്യത്തില്‍ വിതരണത്തിനു തയാറായതായി മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷത്തി മുപ്പത്തെണ്ണായിരം പുസ്തകങ്ങള്‍ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു.

ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രില്‍ 15നു മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷത്തെ അവസാന പരീക്ഷ കഴിയുന്ന ദിവസം കുട്ടികള്‍ക്ക് നല്‍കും. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസിലെ ഫലപ്രഖ്യാപനം നത്തുന്ന ദിവസവും കൈമാറും. എട്ട്, ഒന്‍പത് ക്ലാസുകളിലേത് ഏപ്രില്‍ – മെയ് മാസങ്ങളിലും വിതരണത്തിനെത്തും. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

ചില ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങള്‍ക്കായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ് ഏറ്റെടുത്തതോടെ ഇത് കൃത്യസമയത്തിനു മുമ്പേ തന്നെ ലഭിച്ചു തുടങ്ങി. പുസ്തകമില്ല എന്ന രക്ഷിതാക്കളുടെ ആവലാതി മാറ്റിയെടുക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വിനിക്കും പുസ്തകങ്ങള്‍ കൈമാറി മുഖ്യമന്ത്രി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.ബി.പി.എസിന്റെ 40-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്പെഷ്യല്‍ പോസ്റ്റല്‍ കവറിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button