KeralaNews

മന്ത്രിയ്‌ക്കെതിരായ തീവ്രവാദി പരാമര്‍ശം:അപലപിച്ച് ലീഗ്,വിഴിഞ്ഞം സമരം ക്രൈസ്തവസമരമല്ലെന്ന് തലശേരി ബിഷപ്പ്‌

മലപ്പുറം: മന്ത്രി വി.അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശത്തെ അപലപിച്ച് മുസലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത്.ഉന്നത സ്ഥാനത്തു ഇരിക്കുന്നവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. അപക്വമായ പരാമർശം എന്നതിൽ തർക്കം ഇല്ല .അതിനെതിരെ ശക്തമായ പ്രതികരണം നടത്തി രാജ്യത്തു കുഴപ്പം ഉണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല .വിഴിഞ്ഞം പദ്ധതിക്ക് ലീഗും യുഡിഎഫും എതിരല്ല.പക്ഷെ അതിന്‍റെ  പേരിൽ പാവങ്ങൾ ബുദ്ധിമുട്ടരുത്.സമരം ചെയ്യുന്നവരെ വിശ്വാസത്തിൽ എടുക്കണം.സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

വിഴിഞ്ഞം തുറമുഖ സെമിനാറിൽ  ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്. മന്ത്രിയുടെ പേരിൽതന്നെ തീവ്രവാമുണ്ടെന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം പല കോണുകളിൽ നിന്നുമുണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദൾ റഹാമാൻ നൽകിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 

വ‍ർഗിയ സ്പർദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും, സാമുദായിക അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ്. പരാമ‍ർശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ലത്തീൻ സഭയും ഫാ. തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. പരാമർശം നാക്കുപിഴയെന്നായിരുന്നു വൈദികൻെറ ഖേദപ്രകടനം. ഈ കേസിലും ഡിഐജി നിശാന്തിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം തുടർനടപടിയെടുക്കും

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സർക്കാരിന് വെല്ലു വിളി ആയിരിക്കെ സമരത്തോട് സ്വാകരിക്കേണ്ട നയസമീപനം സിപിഎമ്മില്‍ ചർച്ചയായേക്കും. ഇന്ന് ചേരുന്ന  സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി പരിഗണിക്കാനിടയുണ്ട്. . കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷവും മന്ത്രി വി. അബ്ദുറഹ്മാനെതിരെ ലത്തീൻ അതിരൂപത വൈദികൻ  തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശവും ചർച്ചയായേക്കും. സമരം തീർക്കാൻ സമരത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് നേരത്തേ സി പിഎം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ  സ്വീകരിക്കേണ്ട തന്ത്രങ്ങളും സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.

ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരം എന്നും സഭാ സമരം എന്നും മുദ്രകുത്തുന്നത് കേരളത്തിന്റെ 
സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമരക്കാരെ അധികാരികൾ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് യഥാർഥ പ്രശ്നം മറച്ചുവെക്കാനാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

സമരക്കാരുടെ ആവശ്യം തികച്ചും ന്യായം ആണ്. പുനരധിവാസ പാക്കേജ് നാളിതു വരെ നടപ്പായില്ല. പോർട്ട് ഒഴിവാക്കുക എന്നത് ഈ സാഹചര്യത്തിൽ പ്രായോഗികമാണെന്ന് കരുതുന്നില്ല.രാജ്യ വിരുദ്ധമായ ലക്ഷ്യം ആർക്കെങ്കിലുമുണ്ടെങ്കിൽ സർക്കാർ തന്നെ അക്കാര്യം ശരിയായി അന്വേഷിക്കുകയാണ് വേണ്ടത്.പുനരധിവാസ പാക്കേജ് നടപ്പാക്കാതെ തുറമുഖം തുറന്നാൽ ഒരു കാലത്തും പുനരധിവാസം നടക്കില്ല. ജനകീയ സമരത്തെ ലത്തീൻ സഭയുടെ സമരം ക്രിസ്ത്യാനികളുടെ സമരം എന്നൊക്കെ ബ്രാന്റ് ചെയ്യുന്നത് കേരളത്തിന് ചേർന്നതല്ലെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ലത്തീൻ സഭയുടെ സമരത്തെ മറ്റ് സഭകളെല്ലാം അനുകൂലിക്കുന്നുണ്ട്. സഭകൾ തമ്മിൽ അകൽച്ചയും പിന്തുണക്കുറവും ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് സമരത്തെ ദുർബലമാക്കുന്നതിന് സമാനമാണ്. മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസം ഉണ്ട്. സമരത്തെ മനസിലാക്കാനും സമരത്തിന് പിന്നിൽ ഏതെങ്കിലും സാമൂഹ്യ വിരുദ്ധർ ഉണ്ടെങ്കിൽ അത് തിരിച്ചറിയാനും മുഖ്യമന്ത്രിക്കും പൊലീസിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഫാദർ തിയോഡേഷ്യസിന്‍റെ വർഗ്ഗീയ പരാമർശത്തെ തലശ്ശേരി ആർച്ച് ബിഷപ്പ് തള്ളി. ഇത്തരം പരാമർശങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല. സമരത്തിൽ നിന്ന് ശ്രദ്ധ മാറിപ്പോകും.തെറ്റ് ഏറ്റ് പറഞ്ഞ സ്ഥിതിക്ക് വിഷയം അവസാനിപ്പിക്കണം.അല്ലെങ്കിൽ നിയമപരമായി നീങ്ങണം.അതിന്റെ പേരിൽ വർഗ്ഗീയ ദ്രുവീകരണമുണ്ടാക്കി മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെ നിരാകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button