KeralaNews

പിണറായിയുടെ സഹായമഭ്യർത്ഥിച്ച് ഉമ്മൻ ചാണ്ടിയുടെ മുൻ സഹായി,പെൻഷൻ ലഭിച്ചില്ലെങ്കിൽ മുന്നിലുള്ളത് ആത്മഹത്യ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായമഭ്യർഥിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഴ്സനൽ സ്റ്റാഫംഗം. സോളാർ വിവാദത്തിന്റെ പേരിൽ ഉമ്മൻചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിൽ നിന്ന് പുറത്താക്കപ്പെട്ട ടെനി ജോപ്പനാണ് തനിക്ക് പെൻഷൻ ലഭിക്കാൻ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും സഹായം ആവശ്യപ്പെടുന്നത്. പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് മുമ്പിലുള്ളതെന്നും ജോപ്പൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫ് അംഗമായി പത്തു വർഷത്തോളം പ്രവർത്തിച്ചിട്ടും തനിക്ക് അർഹതപ്പെട്ട പെൻഷൻ നിഷേധിക്കുന്നെന്നാണ് ജോപ്പന്റെ പരാതി. പല കാരണങ്ങൾ പറഞ്ഞ് ഓരോ സെക്ഷനിൽ ഇരിക്കുന്നവർ തന്റെ പെൻഷൻ ഫയൽ മടക്കുകയാണെന്നും ജോപ്പൻ പറയുന്നു. ഈ സാഹചര്യത്തിലാണ് പെൻഷൻ ലഭിക്കാൻ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം സഹായമഭ്യർഥിച്ചുള്ള ജോപ്പന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

സോളാർ കേസ് പ്രതി സരിത എസ് നായരുടെ ഫോൺ കോൾ രേഖകളിൽ ജോപ്പന്റെ നമ്പരും ഉൾപ്പെട്ടതിനെ തുടർന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിൽ നിന്ന് ജോപ്പൻ പുറത്താക്കപ്പെട്ടത്. കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരൻ നായരുടെ പരാതിയിൽ ജോപ്പൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് കൊട്ടാരക്കര പുത്തൂരിൽ ബേക്കറി നടത്തിയായിരുന്നു ഉപജീവനം. എന്നാൽ കൊവിഡിനെ തുടർന്ന് ഇതും നഷ്ടത്തിലായെന്നും പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് താനും ഭാര്യയും 14 വയസ്സുള്ള മകളും അടങ്ങുന്ന കുടുംബത്തിന് മുന്നിലുള്ള ഉള്ള ഏക വഴി എന്നും ജോപ്പൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button