24.4 C
Kottayam
Thursday, May 23, 2024

എട്ടുമാസത്തിനിടെ 13-കാരിയെ പീഡിപ്പിച്ചത് 80-ൽ ഏറെ പേർ; പത്തുപേര്‍ അറസ്റ്റില്‍

Must read

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പത്തുപേര്‍ കൂടി അറസ്റ്റില്‍. ഗുണ്ടൂരിലെ 13 വയസ്സുകാരിയെ പലര്‍ക്കായി കൈമാറി പീഡിപ്പിച്ച കേസിലാണ് ബി.ടെക് വിദ്യാര്‍ഥി അടക്കം പത്തുപേര്‍ കൂടി പിടിയിലായത്. വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെട്ട പെണ്‍കുട്ടിയെ പോലീസ് മോചിപ്പിക്കുകയും ചെയ്തു.

എട്ടുമാസത്തിനിടെ 80-ലധികം പേര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്. സ്വര്‍ണകുമാരി എന്ന സ്ത്രീയാണ് കേസിലെ മുഖ്യപ്രതി. ഇവരാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പലര്‍ക്കായി കൈമാറിയതെന്നും ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ ഒരു ആശുപത്രിയില്‍വെച്ചാണ് പെണ്‍കുട്ടിയുടെ അമ്മയുമായി സ്വര്‍ണകുമാരി അടുപ്പംസ്ഥാപിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മ മരിച്ചതോടെ പെണ്‍കുട്ടിയെ ഇവര്‍ ഏറ്റെടുത്തു. കുട്ടിയുടെ അച്ഛനെയോ മറ്റു ബന്ധുക്കളെയോ അറിയിക്കാതെയാണ് 13-കാരിയെ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും പലര്‍ക്കായി കൈമാറുകയുമായിരുന്നു.

ആന്ധ്രയിലെയും തെലങ്കാനയിലെയും വിവിധ കേന്ദ്രങ്ങളിലെത്തിച്ചാണ് പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിനിരയാക്കിയത്. 80-ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ ഇടനിലക്കാരടക്കം നിരവധിപേര്‍ പ്രതികളായുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. കേസിലെ 35 പ്രതികളും ഇടനിലക്കാരാണ്. ബാക്കിയുളളവര്‍ ഇവര്‍ക്ക് പണം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചവരാണെന്നും പോലീസ് പറഞ്ഞു. നിരവധി സംഘങ്ങളാണ് പണം നല്‍കി സ്വര്‍ണകുമാരിയില്‍നിന്ന് പെണ്‍കുട്ടിയെ വാങ്ങിയത്. ആന്ധ്രയിലെയും തെലങ്കാനയിലെയും വിവിധ കേന്ദ്രങ്ങളില്‍ ഇവര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയുമായിരുന്നു.

2021 ഓഗസ്റ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്നാണ് സ്വര്‍ണകുമാരിയാണ് കുട്ടിയെ കൊണ്ടുപോയതെന്നും ഇവരാണ് മുഖ്യപ്രതിയെന്നും പോലീസ് തിരിച്ചറിഞ്ഞത്. 2022 ജനുവരിയില്‍ കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

കേസില്‍ ഇതുവരെ 80 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. വിജയവാഡ, ഹൈദരാബാദ്, കാകിനാഡ, നെല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഒരു കാറും മൂന്ന് ഓട്ടോറിക്ഷകളും ബൈക്കുകളും 53 മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ ഒളിവില്‍പ്പോയ മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പ്രതികളിലൊരാള്‍ ലണ്ടനിലേക്ക് കടന്നിട്ടുണ്ടെന്നും എ.എസ്.പി. കെ. സുപ്രജ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week