KeralaNews

പകല്‍താപനില : തൊഴില്‍ സമയം പുനക്രമീകരിച്ച് ഉത്തരവായി

തിരുവനന്തപുരം:കേരളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ള പശ്ചാത്തലത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര ഉത്തരവ് പുറപ്പെടുവിച്ചു.

1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ, ചട്ടം 24, 25-ലെ വ്യവസ്ഥകള്‍ പ്രകാരമാണ് തൊഴില്‍ സമയം 2021 ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ചത്.
ഇതു പ്രകാരം പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12:00 മണി മുതല്‍ 3:00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7:00 മണി മുതല്‍ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.

ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്കുശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചു.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന നടത്തും. ഇതിനായി എല്ലാ ജില്ലകളിലും ജില്ലാ ലേബര്‍ ഓഫീസര്‍ / ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ / അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ രൂപീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker