NationalNews

അധികാരം നിലനിര്‍ത്താന്‍ ഔദ്യോഗിക വാഹനങ്ങളിൽ പണംകടത്തി,അനധികൃത ഫോണ്‍ ചോര്‍ത്തല്‍; അറസ്റ്റിലായ പോലീസുകാരന്റെ മൊഴി

ഹൈദരാബാദ്: തെലങ്കാനയിലെ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി) മേധാവി ടി. പ്രഭാകര്‍ റാവു അടക്കമുൾപ്പെട്ട വിവാദ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ. ബി.ആർ.എസ്. (ഭാരത് തെലങ്കാന രാഷ്ട്ര സമിതി) അധികാരത്തിൽ തുടരുന്നത് ഉറപ്പാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ സംസാരിച്ചതായി അറസ്റ്റിലായ പോലീസ് ഓഫീസർമാരിൽ ഒരാളായ രാധാകൃഷ്ണ റാവു മൊഴി നൽകി. 2018 ലും 2023 ലും നിയമസഭാ തിരഞ്ഞെടുപ്പുവേളകളില്‍ ഔദ്യോഗിക വാഹനങ്ങളിലാണ് പണം കൊണ്ടുപോയതെന്നും ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തെലങ്കാനയിൽ ബി.ആർ.എസ്. അധികാരത്തിൽ തുടരാൻ അന്നത്തെ സംസ്ഥാന ഇൻ്റലിജൻസ് ബ്യൂറോ മേധാവി ടി. പ്രഭാകർ റാവുവിൻ്റെ നേതൃത്വത്തിൽ പ്രണീത് റാവു, ഭുജംഗ റാവു, തിരുപ്പതണ്ണ, വേണുഗോപാൽ റാവു എന്നിവർ ഗൂഢാലോചന നടത്തിയതായി പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

2014-ൽ സംസ്ഥാനം രൂപീകൃതമായതു മുതൽ തെലങ്കാന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന കെ.സി.ആറിൻ്റെ ബി.ആർ.എസിലെ ഒരു അംഗത്തിൻ്റെ ഉത്തരവനുസരിച്ചാണ് താൻ പ്രതിപക്ഷ നേതാക്കൾക്കെതിരെ ചാരപ്പണി ചെയ്തതെന്ന് രാധാകൃഷ്ണ റാവു വെളിപ്പെടുത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റ് നിരവധി തെലങ്കാന പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.

ഒന്നാം പ്രതിയാക്കി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ടി പ്രഭാകർ റാവു അമേരിക്കയിലാണെന്നും ഉടൻ തന്നെ അന്വേഷണ പരിധിയിലെത്തുമെന്നും ഉദ്യോ​ഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കിയതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ ചീഫ് സെക്യൂരിറ്റി ഓഫീസർ കൂടിയായിരുന്ന പ്രഭാകർ റാവു, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന്റെ കാലത്ത് വിവിധ രാഷ്ട്രീയ നേതാക്കളെയും സിനിമാതാരങ്ങളെയും വ്യവസായികളെയും രഹസ്യമായി നിരീക്ഷിച്ചെന്നും ഇതിലൂടെ ശേഖരിച്ച ഇലക്ട്രോണിക് ഡേറ്റകള്‍ ഉപയോഗിച്ച് ഇവരില്‍ പലരെയും പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍. നിലവില്‍ തെലങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി, ബി.ജെ.പി, കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവര്‍ക്ക് പുറമേ ബി.ആര്‍.എസ് നേതാക്കളും പോലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. ഏകദേശം ഒരുലക്ഷത്തിലേറെ ഫോണ്‍കോളുകള്‍ ഇവര്‍ ചോര്‍ത്തിയതായും പോലീസ് സംഘം പറയുന്നു.

തെലുഗു ടി.വി. ചാനല്‍ ഉടമയായ ശ്രാവണ്‍ റാവുവാണ് അനധികൃത ഫോണ്‍ചോര്‍ത്തലിന് സഹായം ചെയ്തുനല്‍കിയതെന്നാണ് ആരോപണം. ഇതിനായി ഇസ്രേയലില്‍നിന്നുള്ള ഉപകരണം സ്ഥാപിക്കാന്‍ ഉള്‍പ്പെടെ ശ്രാവണ്‍റാവു സഹായിച്ചു. ഒരു സ്‌കൂളിലാണ് ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ ഫോണ്‍ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ സമ്മതിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. സ്വകാര്യവ്യക്തികളെ നിരീക്ഷിച്ചിരുന്നതായും പല വിവരങ്ങളും പിന്നീട് നശിപ്പിച്ചതായും ഇവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രണീത് റാവു അജ്ഞാത വ്യക്തികളുടെ പ്രൊഫൈലുകള്‍ തയ്യാറാക്കുകയും ഇവരെ അനധികൃതമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ഇതിനുപുറമേ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്നും നിരവധി വിവരങ്ങള്‍ ഇയാള്‍ നശിപ്പിച്ചുകളഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഐ.ബി. മേധാവിയായിരുന്ന പ്രഭാകര്‍ റാവുവിന്റെ ഉത്തരവനുസരിച്ചാണ് എല്ലാ തെളിവുകളും നശിപ്പിച്ചതെന്നാണ് പ്രതികളുടെ മൊഴി. 2023-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരം പിടിച്ചതിന്റെ പിറ്റേദിവസമാണ് പ്രഭാകര്‍ റാവു ഇതെല്ലാം നശിപ്പിക്കാന്‍ ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker