മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സ്‌കൂൾ മാനേജ്‌മെന്റ് രഹസ്യമായി തങ്ങളുടെ ടോയ്‌ലറ്റ് ചിത്രങ്ങൾ പകർത്തിയാതായി 52 ഓളം അധ്യാപികമാർ പോലീസിൽ പരാതി നൽകി. സ്‌കൂളിലെ വാഷ്‌റൂമുകളിൽ നിന്നും പകർത്തിയ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സ്‌കൂൾ മാനേജ്‌മെന്റ് തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായും മാസങ്ങളോമായി ശമ്പളം നൽകുന്നില്ലെന്നും പരാതിയിൽ പറയുന്നു.
സ്‌കൂളിന്റെ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിക്കും മകനുമെതിരെയാണ് അധ്യാപികമാർ പരാതി നൽകിയിരിക്കുന്നത്. അധ്യാപികമാരുടെ പരാതിയിൽ ഇന്ത്യൻ പീനൽ കോഡിലെ 504, 354 (എ), 354 (സി) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് സെക്രട്ടറിക്കും മകനും എതിരെ ബുധനാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ സ്കൂൾ സെക്രട്ടറി നിഷേധിച്ചു. സ്ത്രീകളുടെ ടോയ്‌ലറ്റിനുള്ളിൽ സിസിടിവികൾ സ്ഥാപിച്ചിട്ടില്ലെന്നും എന്നാൽ ആണുങ്ങളുടെ ടോയ്‌ലറ്റുകളിൽ അവ സ്ഥാപിച്ചിട്ടുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി. ചില സ്കൂളുകൾക്കുള്ളിൽ അടുത്തിടെ നടന്ന കൊലപാതക കേസുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് സെക്രട്ടറി പറഞ്ഞു.
എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി അധ്യാപകർക്ക് ശമ്പളം നൽകുന്നതിൽ സ്‌കൂൾ പരാജയപ്പെട്ടുവെന്ന് സെക്രട്ടറി സമ്മതിച്ചു. കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.