പാക് അനുകൂല മുദ്രാവാക്യങ്ങളെഴുതി പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപിക അറസ്റ്റില്‍
ജയ്പൂര്‍: ട്വന്റി – 20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ അറസ്റ്റ് ചെയ്ത അംബ മാതാ പോലീസ്. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് അധ്യാപികയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തമാക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപികയായ നഫീസ അട്ടാരിയെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
നേരത്തെ അധ്യാപികയ്ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നു. അധ്യാപികയുടെ സേവനം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. പാകിസ്ഥാന്റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് അധ്യാപിക വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് വിവാദമായതോടെയാണ് അധ്യാപികയ്ക്കെതിരെ സ്‌കൂള്‍ മാനേജ്മെന്റ് കടുത്ത നടപടി എടുത്തത്.
‘ഞങ്ങള്‍ വിജയിച്ചു’ എന്ന പരാമര്‍ശത്തോടെ പാകിസ്ഥാന്‍ കളിക്കാരുടെ ചിത്രങ്ങള്‍ നഫീസ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഇതുകണ്ട രക്ഷിതാക്കളില്‍ ഒരാള്‍ നിങ്ങള്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘അതെ’ എന്നതായിരുന്നു നഫീസയുടെ മറുപടി. ഇതിനിടെ വാട്സാപ്പ് സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ഷാേട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നഫീസയ്‌ക്കെതിരെ വിമര്‍ശനം ശക്തമാവുകയായിരുന്നു. വ്യക്തിപരമായി ഇത്തരം അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഇവര്‍ സ്‌കൂളില്‍ കുട്ടികളെ എന്താണ് പഠിപ്പിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിച്ചു.
തനിക്കെതിരെ നടപടി ഉണ്ടായതോടെ നഫീസ വിശദീകരണവുമായി രംഗത്തുവന്നു. തന്റെ പോസ്റ്റ് പാകിസ്ഥാന്‍ ജയിച്ച സന്തോഷത്തില്‍ ആയിരുന്നില്ലെന്നും ആ പോസ്റ്റിന്റെ സന്ദര്‍ഭം മറ്റൊന്നായിരുന്നു എന്നും നഫീസ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി. മത്സരത്തിനിടെ തന്റെ കുടുംബം രണ്ട് ടീമുകളായി തിരിഞ്ഞുവെന്നും ഓരോ ടീമും ഇരുപക്ഷത്തെയും പിന്തുണച്ചുവെന്നും നഫീസ പറഞ്ഞു. താന്‍ പിന്തുണച്ച് ടീം പാകിസ്ഥാനെ ആയിരുന്നു, ജയിച്ചപ്പോള്‍ സ്റ്റാറ്റസും ഇട്ടുവെന്ന് നഫീസ വ്യക്തമാക്കി.