ജീവനക്കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചാല്‍ തുടര്‍ന്നും ശമ്പളം കുടുംബത്തിന്; ഞെട്ടിച്ച് ടാറ്റാ സ്റ്റീല്‍
ന്യൂഡല്‍ഹി: കൊവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍. പദ്ധതി പ്രകാരം കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരന്‍ കൊവിഡിന് ഇരയായി മരിച്ചാല്‍ അദ്ദേഹം അവസാനം വാങ്ങിയ ശമ്പളം എത്രയാണോ അത് കുടുംബാംഗങ്ങള്‍ക്ക് തുടര്‍ന്നും നല്‍കുമെന്നാണ് പ്രഖ്യാപനം.
ജീവനക്കാരന് അറുപത് വയസ്സ് തികയുന്നത് വരെ ഇത് തുടരും. ഇതിനു പുറമെ, കുടുംബത്തിന് മെഡിക്കല്‍ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ലഭ്യമായിരിക്കുമെന്നും കമ്പനി അറിയിക്കുന്നു. ജോലിക്കിടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയാണെങ്കില്‍ ജീവനക്കാരന്റെ മക്കളുടെ ബിരുദതലം വരെയുളള വിദ്യാഭ്യാസച്ചെലവ് പൂര്‍ണമായും കമ്പനി വഹിക്കും.
ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സഹായകമാകുന്നതാണ് പദ്ധതികളെന്ന് ടാറ്റാ സ്റ്റീലിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ആ വാക്കുകളെ സത്യമാക്കുന്ന തീരുമാനങ്ങളാണ് കമ്പനി എടുത്തിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയിലും ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ചേര്‍ത്ത് നിര്‍ത്തികൊണ്ടുള്ള തീരുമാനത്തിന് നിറകൈയ്യടികളാണ് ഇപ്പോള്‍ ലഭിക്കുന്നത്. സോഷ്യല്‍മീഡിയയിലും അഭിനന്ദനപ്രവാഹമാണ് ഇപ്പോള്‍. കോര്‍പ്പറേറ്റ് ലോകത്തിന് തന്നെ മാതൃകയാണ് ടാറ്റാ സ്റ്റീല്‍ കമ്പനിയെന്ന് സോഷ്യല്‍മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നു.