കൊല്ലം: പാരിപ്പളളി മണ്ണയത്ത് റബ്ബര്‍ ടാപ്പിങ് തൊഴിലാളിയെ വീട്ടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി.വി ഷാജിമോന്‍ (45) ആണ് മരിച്ചത്. വെളളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഷാജിമോന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. ഇയാളുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകളുണ്ട്. ഷാജിയും സുഹൃത്തുക്കളും ചേർന്ന് ഇന്നലെ രാത്രി ബഹളമുണ്ടാക്കിയതായി നാട്ടുകാരും പറയുന്നുണ്ട്. കൂടെ താമസിച്ചിരുന്ന സന്തോഷിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
കല്ലുവാതുക്കല്‍ വട്ടക്കുഴിക്കലിലെ നാസർ എന്ന വ്യക്തിയുടെ റബ്ബര്‍ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായിരുന്നു ഷാജിമോന്‍. ഇയ്യാളും ചിറ്റാര്‍ സ്വദേശി സന്തോഷും എസ്‌റ്റേറ്റിനോട് ചേര്‍ന്നുളള നാസറിന്റെ ഉടമസ്ഥതയിലുളള വീട്ടിലായിരുന്നു താമസം.
വെളളിയാഴ്ച രാവിലെ സന്തോഷ് തന്റെ ഭാര്യയെ വിളിച്ച് ഷാജിയ്ക്ക് സുഖമില്ലെന്നും ഷാജിയുടെ അമ്മയെയും കൂട്ടി ഉടന്‍ എത്തിച്ചേരണമെന്നും പറഞ്ഞു. തുടർന്ന്, ഷാജിയുടെ അമ്മ വീട്ടിലെത്തി നോക്കുമ്പോൾ കാണുന്നത് അടുക്കളയുടെ പരിസരത്ത് രക്തംവാര്‍ന്ന് നിലയില്‍ കിടക്കുന്ന ഷാജിയെയാണ്.
പിന്നാലെ, ഷാജിയെ ആശുപത്രിയിലേക്കെത്തിക്കുന്നതിനായി വന്ന ആംബുലൻസ് ഡ്രെെവർക്ക് സംഭവത്തിൽ സംശയം തോന്നുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.സരിതയാണ് ഷാജിയുടെ ഭാര്യ. മക്കൾ: അമ്പാടി, ജിഷ്ണു, വിഷ്ണു.