KeralaNews

Tanur boat accident:ഇരുട്ടില്‍ രക്ഷാപ്രവർത്തനം ദുഷ്‌കരം; അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത് ചെറുവള്ളങ്ങളില്‍

താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം. ആറ് പേര്‍ മരിച്ചതായി പ്രാഥമിക വിവരം രണ്ടു കുട്ടികളും ഒരു സ്ത്രീയുമാണ്‌ മരിച്ചതെന്നാണ് പ്രാഥമിക വിവരം.കുട്ടികളും സ്ത്രീകളുമടക്കമാണ് മരിച്ചത്‌. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്.

എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി.അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു.

വിനോദയാത്രാ ബോട്ട് അപകടത്തില്‍പ്പെട്ടത് രാത്രിയോടെ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. കടലും കായലും സംഗമിക്കുന്ന സ്ഥലമാണ് അപകടം നടന്ന പ്രദേശം. ഇവിടെനിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ബോട്ട് അവസാന ട്രിപ്പിനിടെയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. അപകടവിവരം പുറത്തറിഞ്ഞപ്പോഴേക്കും ഇരുട്ട് വ്യാപിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

ഫയര്‍ഫോഴ്‌സ് അടക്കം എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെറിയ തോണികള്‍ ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. ചെറിയ തോണികളില്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്തി നാട്ടുകാര്‍ ഒന്നും രണ്ടുപേരെ രക്ഷപ്പെടുത്തുകയാണ് ആദ്യംചെയ്തത്.

അപ്പോഴേക്കും പ്രദേശത്ത് ആള്‍ക്കൂട്ടമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് വിവരം. പിന്നാലെ കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ദുരന്തനിവാരണ സേനയും രംഗത്തെത്തി. ബോട്ട് ഉയര്‍ത്താനും കരയിലേക്ക് എത്തിക്കാനുള്ള ശ്രമവും പിന്നീടാണ് നടന്നത്. മുപ്പതോളംപേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഒരു വലിയ കുടുംബത്തില്‍പ്പെട്ട നിരവധിപേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്ന വിവരവും നാട്ടുകാര്‍ നല്‍കുന്നുണ്ട്.

രക്ഷപ്പെടുത്തിയവരെ കോട്ടക്കല്‍, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കാണ് കൊണ്ടുപോയത്. അവസാന ട്രിപ്പില്‍ യാത്രപോയവര്‍ തിരികെ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button