ചെന്നൈ: പൊങ്കൽ കളറാക്കാൻ തമിഴകത്ത് താരപോരാട്ടം, വിജയുടേയും അജിത്തിന്റെയും പുതിയ ചിത്രങ്ങൾ നാളെ റിലീസാണ്. എന്നാൽ താരങ്ങളുടെ കട്ടൗട്ടും പാലഭിഷേകവും നിരോധിച്ച് കൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. അജിത്ത് വിജയ് ചിത്രങ്ങൾ ഒന്നിച്ചെത്തുമ്പോൾ ആഹ്ലാദ കൊടുമുടിയിലാണ് ആരാധകർ. അജിത്തിനൊപ്പം മഞ്ജുവാര്യരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം തുനിവ് സംവിധാനം ചെയ്യുന്നത് എച്ച്.വിനോദാണ്. വിജയും രശ്മിക മന്ദാനയും ഒന്നിക്കുന്ന വാരിസിലെ രഞ്ജിതമേ പാട്ടൊക്കെ ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.
2014ന് ശേഷം 8 വർഷത്തെ ഇടവേളയ്ക്ക് ഒടുവിലാണ് രണ്ട് താരങ്ങളും നേർക്കുനേർ ബോക്സ് ഓഫീസിൽ ഏറ്റമുട്ടുന്നത്. സമുദ്രക്കനിയും മഞ്ജുവാര്യയും തുനിവിലെ ശക്തമായ കഥാപാത്രങ്ങളായി എത്തുമ്പോൾ വാരിസിലെ ശ്രദ്ധേയ താരങ്ങൾ പ്രകാശ് രാജും ശരത്കുമാറും, പ്രഭുവുമാണ്.
പൊങ്കൽ കാലത്തെ സ്ക്രീനിലെ ഉത്സവത്തിൽ തമിഴ്നാട് സർക്കാർ ഇടപെട്ടു എന്നതാണ് ഈ വർഷത്തെ പ്രത്യേകത. ഇരുസിനിമകളുടേയും റിലീസുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ തമിഴ്നാട് സർക്കാർ ഇറക്കിയിട്ടുണ്ട്. ഇരു താരങ്ങളുടെയും കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിക്കുന്നത് സർക്കാർ നിരോധിച്ചു. കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. പൊങ്കൽ ദിവസങ്ങളിൽ പുലർച്ചെയുള്ള ഷോകൾക്കും നിയന്ത്രണമുണ്ട്.
13-ാം തിയതി മുതൽ 16 വരെ പുലർച്ച നാല് മണിക്കും അഞ്ച് മണിക്കുമുള്ള ഷോകൾ പാടില്ലെന്നാണ് നിർദ്ദേശം. കരിഞ്ചന്തയിൽ 2000 രൂപക്ക് വരെയാണ് ഇരുസിനിമകളുടേയും ടിക്കറ്റുകൾ വിറ്റഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. പ്രീബുക്കിംഗ് കണക്കുകളിൽ ടിക്കറ്റ് വിൽപ്പന കോടികൾ പിന്നിട്ടു. ആരാധകരുടെ ആവേശം അതിര് കടക്കാതിരിക്കാൻ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. അജിത്തിന്റെ ചിത്രം തുനിവ് നാളെ പുലർച്ചെ ഒരു മണിക്കും. വിജയ് ചിത്രം വാരിസ് രാവിലെ നാല് മണിക്കുമാണ് റിലീസ്. ഇതിന് മുൻപ് വീരവും ജില്ലയുമാണ് ഒന്നിച്ച് റിലീസ് ചെയ്ത അജിത്ത് – വിജയം ചിത്രം.