ചെന്നൈ: നിയമസഭാ സമ്മേളത്തിന്റെ ആരംഭത്തില്‍ നയപ്രഖ്യാപനപ്രസംഗം വായിക്കാന്‍ വിസമ്മതിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആർ എൻ രവി. സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തില്‍ വസ്തുതാപരവും ധാര്‍മികവുമായ ഒരുപാട് തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്താതിരുന്നത്. തുടര്‍ന്ന് ഗവര്‍ണറെ സഭയിലിരുത്തി സ്പീക്കര്‍ എം. അപ്പാവു പ്രസംഗം സഭയില്‍ വായിച്ചു.
ദേശീയഗാനത്തോട് ആദരവ് കാണിക്കാനും പ്രസംഗത്തിന് മുമ്പും ശേഷവും ആലപിക്കാനുള്ള തന്റെ ആവശ്യവും സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ആ.എന്‍. രവി ആരോപിച്ചു. വസ്തുതാപരമായ പിഴവുകളുള്ള പ്രസംഗം താന്‍ വായിച്ചാല്‍ അത് ഭരണഘടനയെ അപഹസിക്കുന്നതിന് തുല്യമായിരിക്കും. അതിനാല്‍ സഭയോടുള്ള എല്ലാ ബഹുമാനത്തോടെയും താന്‍ അഭിസംബോധന അവസാനിപ്പിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, പ്രസംഗത്തിന്റെ ആദ്യ ഭാഗത്തുണ്ടായിരുന്ന തിരുവള്ളുവരുടെ വരികള്‍ വായിച്ചശേഷമാണ് അദ്ദേഹം ബാക്കി വായിക്കാന്‍ വിസമ്മതിച്ചത്.
ഗവര്‍ണര്‍ പ്രസംഗം വായിക്കാന് വിസമ്മതിച്ചതിന് പിന്നാലെ സംസാരിച്ച സ്പീക്കര്‍ കേന്ദ്രത്തെ വിമര്‍ശിച്ചു. പിന്നാലെ, സവര്‍ക്കറുടേയും ഗോഡ്‌സേയുടേയും പാതയില്‍ സഞ്ചരിക്കുന്നവരേക്കാള്‍ താഴയല്ല തമിഴ്‌നാട് അസംബ്ലിയെന്ന് എം. അപ്പാവു പറഞ്ഞു. തുടര്‍ന്നാണ് സ്പീക്കര്‍ ഗവര്‍ണറെ സഭയില്‍ ഇരുത്തി പ്രസംഗം വായിച്ചത്. സ്പീക്കര്‍ ഗവര്‍ണറെ നാഥുറാം ഗോഡ്‌സേയുടെ അനുയായിയെന്ന് വിളിച്ചെന്ന് രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലും പറഞ്ഞു.