ചെന്നൈ: പ്രശസ്തിക്ക് വേണ്ടി വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശിയെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിൽ അതിഥിതൊഴിലാളികൾക്കുനേരെ ആക്രമണം നടക്കുന്നതായിട്ടായിരുന്നു വ്യാജപ്രചാരണം. പ്രശസ്തിക്കുവേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
അതിഥിതൊഴിലാളികൾക്കുനേരെ ആക്രമണം നടക്കുന്നതായി വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് ഏഴുപേർക്കെതിരേയാണ് തമിഴ്‌നാട് പോലീസ് കേസെടുത്തിട്ടുള്ളത്. ബിഹാർ സ്വദേശിയായ രൂപേഷ്‌കുമാർ (23) നേരത്തേ അറസ്റ്റിലായിരുന്നു. ഝാർഖണ്ഡ് സ്വദേശിയായ മനോജ് യാദവിനെ (43) താംബരം പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തു. 25 വർഷമായി ചെന്നൈയ്ക്കടുത്ത് മാരൈമലൈ നഗറിൽ ജോലിചെയ്യുന്നയാളാണ് മനോജ് യാദവ്.
ഉത്തരേന്ത്യൻ തൊഴിലാളികൾക്കുനേരെ വ്യാപകമായി ആക്രമണങ്ങൾ നടക്കുന്നുവെന്നു വിലപിക്കുന്ന മനോജ് യാദവിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് താംബരം പോലീസ് അറിയിച്ചു. നിർമാണജോലി നടക്കുന്ന സ്ഥലത്തുവെച്ച് മനോജ് യാദവും കൂട്ടുകാരും ചേർന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് സൈബർ പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മനീഷ് കശ്യപ് എന്ന ട്വിറ്റർ ഐഡിയിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. മാധ്യമപ്രവർത്തകൻ, പബ്ലിക് ഫിഗർ എന്നാണ് ഇയാൾ ട്വിറ്ററിൽ സ്വയം വിശേഷിപ്പിച്ചിരുന്നത്. മുഖത്തും തലയിലും ബാൻഡേജുകളുമായി രണ്ടുപേർ മാധ്യമങ്ങൾക്ക് മുമ്പിലെത്തി വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
എന്നാൽ തുടക്കത്തിൽ ഇതിൽ ഒരാൾ ചിരിക്കുന്നതും കാണാം. മാധ്യമപ്രവർത്തകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നയാൾ ഇവരിൽ ഒരാളുടെ തലയിൽ തുണി ശരിയാക്കിയിടുന്നതും വീഡിയോയിൽ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയവരെ മെൻഷൻ ചെയ്തുകൊണ്ടായിരുന്നു ഇയാളുടെ ട്വീറ്റ്. ഇതിന് പിന്നാലെ തമിഴ്നാട് പോലീസ് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുകയായിരുന്നു.
‘എല്ലാ കാലത്തും എല്ലാവരേയും നിങ്ങൾക്ക് പറ്റിക്കാൻ സാധിക്കില്ല. ഈ വീഡിയോ കാണുക. ഇത് യഥാർഥത്തിൽ തമിഴ്നാട്ടിൽ നടന്ന സംഭവമല്ല. ഇത് മനപ്പൂർവ്വം എഴുതിത്തയ്യാറാക്കിയ തിരക്കഥാ പൂർവ്വം ചിത്രീകരിച്ചതാണ്. യാഥാർഥ്യം തിരിച്ചറിഞ്ഞ് ട്വീറ്റ് ചെയ്യൂ. ശക്തമായ നടപടി ഉണ്ടാകും’ തമിഴ്നാട് പോലീസ് പറഞ്ഞു.
ഇതോടൊപ്പം തന്നെ, ഇത്രകാലം തമിഴ്‌നാട്ടിൽ ജോലിചെയ്തിട്ടും തനിക്ക് ദുരനുഭവമൊന്നുമുണ്ടായിട്ടില്ലെന്നും പ്രശസ്തികൊതിച്ചാണ് വ്യാജവീഡിയോ പ്രചരിപ്പിച്ചതെന്നും മനോജ് യാദവ് പറയുന്നതിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഇതുസംബന്ധിച്ച വസ്തുതാന്വേഷണത്തിനായി ബിഹാറിൽനിന്നും ഝാർഖണ്ഡിൽനിന്നുമുള്ള സംഘങ്ങൾ തമിഴ്‌നാട്ടിലെത്തിയിരുന്നു. ആക്രമണം സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതായി ഝാർഖണ്ഡ് സർക്കാർ റാഞ്ചിയിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തയ്യാറാക്കിയ റിപ്പോർട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സമർപ്പിച്ചിട്ടുണ്ട്. ഡി.എം.കെ. എം.പി. ടി.ആർ. ബാലു ബിഹാറിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. അനിഷ്ടസംഭവങ്ങൾ തടയുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ടി.ആർ. ബാലു നിതീഷിന് ഉറപ്പുനൽകി.
സംസ്ഥാനത്തെ അതിഥിതൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന് തമിഴ്‌നാട് സർക്കാർ സമഗ്രവിവരശേഖരണത്തിന് തുടക്കമിട്ടു.