InternationalNews

പെണ്‍കുട്ടികളെ അധ്യാപികമാർ പഠിപ്പിക്കണം ഇല്ലെങ്കിൽ വൃദ്ധന്മാരായ അധ്യാപകർ പഠിപ്പിയ്ക്കണം,കുട്ടികള്‍ക്കിടയില്‍ മറവേണം,മാർഗരേഖയുമായി താലിബാന്‍

കാബൂൾ: സ്വകാര്യ അഫ്ഗാൻ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗരേഖ പുറത്തിറക്കി താലിബാൻ. വിദ്യാർഥിനികൾ നിർബന്ധമായും മുഖം മറയ്ക്കണമെന്നും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറ വേണമെന്നും മാർഗരേഖയിൽ പറയുന്നു. തിങ്കളാഴ്ച സ്വകാര്യ കോളേജുകൾ തുറക്കാനിരിക്കെയാണ് താലിബാന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവ് എല്ലാ കോളേജുകൾക്കും ബാധകമാകുമെന്നാണ് സൂചന.

സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ നിർബന്ധമായും അബായ വസ്ത്രവും മുഖം മുഴുവനും മറയ്ക്കുന്ന രീതിയിലുള്ള നിഖാബും ധരിക്കണമെന്നും താലിബാൻ ഉത്തരവിട്ടു. ആൺകുട്ടികളെയും പെൺകുട്ടികളേയും വേർതിരിച്ച് ക്ലാസ്സുകളിൽ ഇരുത്തണം. ഇടയിൽ ഒരു മറയുണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. പെൺകുട്ടികളെ സ്ത്രീകളായ അധ്യാപകർ മാത്രമേ പഠിപ്പിക്കാൻ പാടുള്ളു. അത്തരത്തിൽ യോഗ്യരായ സ്ത്രീ അധ്യാപകരെ കിട്ടിയില്ലെങ്കിൽ ‘നല്ല സ്വഭാവക്കാരായ’ വൃദ്ധന്മാരെക്കൊണ്ട് പഠിപ്പിക്കണമെന്നും താലിബാൻ നിർദേശിക്കുന്നു.

സർവകലാശാലകൾക്ക് അവരുടെ സംവിധാനങ്ങൾക്കനുസരിച്ച് വിദ്യാർത്ഥിനികൾക്ക് വേണ്ടി വനിതാ അധ്യാപികമാരെ നിയമിക്കാം. അത്തരത്തിൽ വനിതാ അധ്യാപികമാരെ കിട്ടിയില്ലെങ്കിൽ വൃദ്ധരായ അധ്യാപകരെ നിയമിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രവേശന കവാടങ്ങൾ കോളേജിൽ ഉണ്ടായിരിക്കണം. ആൺകുട്ടികളേക്കാൾ അഞ്ച് മിനിറ്റ് മുമ്പ് തന്നെ പെൺകുട്ടികളെ വീടുകളിലേക്ക് വിടണമെന്നും ആൺകുട്ടികളുമായി ഇടകലരുന്ന യാതൊരു സാഹചര്യവും കോളേജുകളിൽ ഉണ്ടായിരിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

താലിബാൻ പുറത്തിറക്കിയ ഉത്തരവ് പാലിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ഒരു സർവകലാശാലാ പ്രൊഫസറെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആവശ്യത്തിനുള്ള വനിതാ അധ്യാപകർ കോളേജുകളിലില്ല. മാത്രമല്ല, ആൺകുട്ടികളേയും പെൺകുട്ടികളേയും മാറ്റിയിരുത്തി പഠിപ്പിക്കാൻ മാത്രമുള്ള സംവിധാനങ്ങളും കോളേജുകളില്ല. എങ്കിലും പെൺകുട്ടികളെ സ്കൂളുകളിലും കോളേജുകളിലും അയക്കാൻ താലിബാൻ സമ്മതിക്കുന്നു എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു.

മുൻ താലിബാൻ ഭരണത്തിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തൽ നേരിടേണ്ടി വന്നത് സ്ത്രീകളായിരുന്നു. പിന്നീട് 2001-ൽ താലിബാന്റെ ഭരണം അവസാനിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ കോളേജുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. സ്ത്രീകൾക്ക് സ്വതന്ത്രമായി പഠിക്കാനുള്ള അവസരങ്ങളും ഉണ്ടായിരുന്നു.

അഫ്ഗാനിസ്താനിൽ താലിബാൻ തീവ്രവാദികൾ വനിതാ പോലീസുകാരിയെ വെടിവെച്ചുകൊന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നു.ഭർത്താവിൻറെയും കുട്ടികളുടെയും മുന്നിൽവെച്ച് നിരവധി തവണ തലയിലേക്ക് വെടിയുതിർത്താണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ദൃസാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. മൃതദേഹത്തിൻറെ മുഖം വികൃതമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ബനൂ നെഗർ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നും ഇവർ ഗർഭിണിയായിരുന്നെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെൻട്രൽ ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ കുടുംബ വീട്ടിവെച്ചായിരുന്നു ഇവർ കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്താനിൽ സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ വർധിച്ചുവരുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് കൊലപാതക വാർത്ത പുറത്തുവരുന്നത്. എന്നാൽ നെഗറിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും താലിബാൻ ബിബിസിയോട് പറഞ്ഞു. താലിബാൻ നെഗറിനെ കൊലപ്പെടുത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.

പ്രദേശത്തെ ജയിലിൽ ജോലി ചെയ്തിരുന്ന നെഗർ എട്ട് മാസം ഗർഭിണിയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. തോക്കുധാരികളായ മൂന്ന് പേർ ശനിയാഴ്ച വീട്ടിലെത്തി തിരച്ചിൽ നടത്തിയെന്നും കുടുംബാംഗങ്ങളെ ബന്ധനത്തിലാക്കിയെന്നും ബന്ധുക്കൾ പറയുന്നു. എത്തിയവർ അറബിയിൽ സംസാരിക്കുന്നത് കേട്ടുവെന്നും ദൃസാക്ഷികൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker