KeralaNews

ഞങ്ങളുടെ നായ്ക്കളെ നോക്കിക്കോണേ! പിടിയിലായപ്പോള്‍ പദ്മകുമാറും കുടുംബവും പറഞ്ഞത് ഇത്രമാത്രം

കൊല്ലം: ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്ക് യൂട്യൂബ് വീഡിയോകളില്‍നിന്നും പ്രതിമാസം 3.8 മുതല്‍ അഞ്ചുലക്ഷം രൂപവരെ വരുമാനം ലഭിച്ചിരുന്നെന്ന് എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍. ‘അസ്സലായിട്ട് ഇംഗ്ലീഷ് പറയുന്ന കുട്ടിയാണ്. എന്നാല്‍ ജൂലായില്‍ ആ കുട്ടിയെ ഉള്ളടക്ക നിയന്ത്രണത്തിന്റെ ഭാഗമായി ഡീമൊണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. അതു വീണ്ടും മോണിറ്റൈസ് ചെയ്യണമെങ്കില്‍ മൂന്നുമാസം കഴിയണം.

അതുകൊണ്ടുതന്നെ തട്ടിക്കൊണ്ടുപോകലിനോട് അതുവരെയുണ്ടായിരുന്ന എതിര്‍പ്പ് മാറ്റി. ബി.എസ്സി. കംപ്യൂട്ടര്‍ സയന്‍സിന് അനുപമ ചേര്‍ന്നിരുന്നെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നില്ല. എല്‍എല്‍.ബി. ചെയ്യണമെന്നായിരുന്നു ആഗ്രഹം. ആ സമയത്താണ് യൂട്യൂബിലേക്ക് വരുന്നത്. അതില്‍നിന്നു വരുമാനം കിട്ടിത്തുടങ്ങിയതോടെ ശ്രദ്ധ അതിലായി’-അദ്ദേഹം പറഞ്ഞു.

ദത്തെടുക്കുന്ന തെരുവുനായ്ക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും അവരുടെ ക്ഷേമത്തിനായി ഉപയോഗിക്കാനും എന്നാണ് സ്വന്തം പേരിലെ വെബ്‌സൈറ്റ് അനുപമ പരിചയപ്പെടുത്തുന്നത്. പോലീസിനോടുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയ സാമ്പത്തിക ബാധ്യതകളിലൂടെ കടന്നുപോകുകയായിരുന്നെന്നു പറയുന്ന സമീപകാലത്തും അനുപമയും കുടുംബവും തെരുവുനായ്ക്കളെ ദത്തെടുത്തു വീട്ടിലെത്തിച്ചിരുന്നു.

27 നായ്ക്കള്‍ തനിക്കുണ്ടെന്നാണ് അനുപമ വെബ്‌സൈറ്റില്‍ പറയുന്നത്. സമീപകാലത്ത് വളര്‍ത്തുനായ്ക്കളോട് ക്രൂരത കാട്ടിയ സംഭവങ്ങളും എടുത്തുപറയുന്നു. തെരുവുനായ്ക്കള്‍ക്കായി ഒരു അഭയകേന്ദ്രം നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും വെബ്‌സൈറ്റിലുണ്ട്. കാണുന്നവര്‍ക്ക്, ഇതിലേക്കുള്ള ചെലവുകള്‍ക്കും പരിപാലനത്തിനുമായി സംഭാവനകള്‍ അയയ്ക്കാനുള്ള വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

മൂന്നാം പ്രതി അനുപമ പദ്മന്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന യൂട്യൂബര്‍. അഞ്ചുലക്ഷത്തിലേറെ വരിക്കാരുള്ള ചാനലുള്‍പ്പെടെ മൂന്ന് യൂട്യൂബ് ചാനലുകളും 15,000-ലേറെപ്പേര്‍ പിന്തുടരുന്ന വെരിഫൈഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിരന്തരം വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്ന വെബ്‌സൈറ്റ്, എക്‌സ്, പാട്രീയോണ്‍ തുടങ്ങിയ അക്കൗണ്ടുകളും അനുപമയ്ക്കുണ്ടായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനു തൊട്ടുമുമ്പുള്ള ദിവസംപോലും യൂട്യൂബില്‍ അനുപമ ഷോര്‍ട്‌സ് അപ്ലോഡ് ചെയ്തിരുന്നു. 2022 ഏപ്രിലിലാണ് അനുപമ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. 4,98,000 സബ്‌സ്‌ക്രൈബര്‍മാരാണ് ഇവര്‍ പിടിയിലാകുന്ന വെള്ളിയാഴ്ച രാത്രിവരെ ചാനലിനുണ്ടായിരുന്നത്.

പിടിയിലായ വാര്‍ത്തയോടൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ ഇവരുടെ പ്രൊഫൈല്‍ ലിങ്കുകളും ഷെയര്‍ ചെയ്യപ്പെട്ടതോടെ ഒറ്റദിവസംകൊണ്ട് 10,000 സബ്‌സ്‌ക്രൈബര്‍മാര്‍ കൂടി. 381 വീഡിയോകള്‍ ഇതിനോടകം പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളാണെന്നു തിരിച്ചറിഞ്ഞതോടെ വീഡിയോകളുടെ കമന്റ് ബോക്‌സും നിറഞ്ഞു.

അന്താരാഷ്ട്ര മോഡലുകള്‍, ഹോളിവുഡ് സെലിബ്രിറ്റിമാര്‍, പോപ്പ് ഗായകര്‍ തുടങ്ങിയവരുടെ വീഡിയോകളുടെയും പോസ്റ്റുകളുടെയും അവരെപ്പറ്റിയുള്ള വാര്‍ത്തകളുടെയും പ്രതികരണ വീഡിയോകളാണ് അനുപമ ചെയ്തിരുന്നത്. ഏഴുകോടിയിലേറെപ്പേര്‍വരെ കണ്ട ഷോര്‍ട്‌സുകള്‍ കൂട്ടത്തിലുണ്ട്. പൂര്‍ണമായും ഇംഗ്ലീഷില്‍ തയ്യാറാക്കിയിരുന്ന വീഡിയോകളുടെ പ്രധാന കാഴ്ചക്കാര്‍ വിദേശ രാജ്യങ്ങളില്‍ സെലിബ്രിറ്റി ലോകത്തെ പിന്തുടരുന്നവരാണ്. അവസാനമായി ഒരുമാസംമുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റ് ഉറപ്പിച്ചപ്പോള്‍ പദ്മകുമാറിനും കുടുംബത്തിനും പോലീസിനോടു പറയാനുണ്ടായിരുന്നത് ഒന്നുമാത്രം. ഞങ്ങളുടെ നായ്ക്കളെ നോക്കാന്‍ ഒരു മാര്‍ഗം കാണണം. യൂട്യൂബ് ചാനല്‍ നടത്തിപ്പിനൊപ്പം തെരുവുനായ്ക്കളെ എടുത്തുവളര്‍ത്തുന്നതും ഇവരുടെ വിനോദമായിരുന്നു.

ഒരു ഭാവഭേദവുമില്ലാതെ ചോദ്യംചെയ്യലിനോട് മൂവരും സഹകരിച്ചതായി പോലീസ് പറയുന്നു. മൂന്നരമുതല്‍ അഞ്ചുലക്ഷംവരെ സാമൂഹിക മാധ്യമങ്ങളിലൂടെ വരുമാനം ഉണ്ടാക്കിയിരുന്ന കുടുംബം പത്തുലക്ഷം രൂപയ്ക്കുവേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നത് ഉദ്യോഗസ്ഥര്‍ക്കും അവിശ്വസനീയമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker