
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. അറസ്റ്റിലായ ആകാശ്, അഭിരാജ്, ആദിത്യന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് മൂന്ന് പേരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
സംഭവത്തില്‍ പോളിടെക്‌നിക് കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം അറസ്റ്റിലായ മൂന്ന് പേരും മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായതിനാല്‍ മൂന്ന് പേരെയും പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. ഇരുവരേയും അറസ്റ്റുചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ അറസ്റ്റിലായ അഭിരാജ് എസ്എഫ്ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ്. പൂര്‍വ വിദ്യാര്‍ഥികളാരോ തങ്ങളെ കുടുക്കാനായി മുറിയില്‍ കഞ്ചാവ് കൊണ്ടുവെച്ചതാണെന്നാണ് അഭിരാജ് പോലീസിന് നല്‍കിയ മൊഴി.
ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. പത്തുഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. പാക്ക് ചെയ്യുന്നതിനുള്ള കവറുകളും കഞ്ചാവ് അളക്കാനുള്ള ത്രാസും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.