NationalNews

18 രൂപ കൂട്ടിയ ശേഷം എട്ട് രൂപ കുറയ്ക്കുന്നത് വലിയ കാര്യമല്ല; യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഇന്ധനനികുതിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 18.42 രൂപ ഇന്ധനനികുതി ഇനത്തില്‍ വര്‍ദ്ധിപ്പിച്ച ശേഷം എട്ട് രൂപ കുറയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല. യുപിഎ സര്‍ക്കാരിന്റെ കാലഘട്ടവുമായി താരതമ്യം ചെയ്താല്‍ ഇപ്പോഴും ഇന്ധനനികുതി 19.90 രൂപ കൂടുതലാണെന്നും പറഞ്ഞ സുര്‍ജെവാല 2014 മേയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് ഈടാക്കിയിരുന്നത് വെറും 9.48 രൂപയാണെന്നും ഓര്‍മിപ്പിച്ചു. എന്നാല്‍ 2022 മേയ് ആകുമ്പോള്‍ പെട്രോളിന്റെ ഇന്ധനനികുതി ഇനത്തില്‍ മാത്രം 27.90 രൂപ കേന്ദ്രം ഈടാക്കുന്നുണ്ടെന്ന് സുജെവാല ആരോപിച്ചു.

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ധനം ഉള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുടെ കേന്ദ്ര നികുതി കുറച്ചതിന് പിന്നാലെ ട്വിറ്ററിലാണ് സുര്‍ജെവാല തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

ഇന്ധനനികുതി കുറച്ചതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.തങ്ങള്‍ക്ക് പ്രധാനം ജനങ്ങളാണെന്നും ഇന്ധനനികുതി കുറയ്ക്കാനുള്ള തീരുമാനം രാജ്യത്തെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളെ നേരിട്ട് സ്വാധീനിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ വരുന്ന കുറവ് ജനങ്ങളുടെ ജീവിതം സുഗമമാക്കാനും അവരുടെ മേലുള്ള ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും മോദി സൂചിപ്പിച്ചു.

ഇതിനുപുറമേ ഉജ്ജ്വല യോജന പദ്ധതിക്കു കീഴില്‍ സിലിണ്ടറുകള്‍ക്ക് 200 രൂപ വീതം കുറയ്ക്കാനുള്ള തീരുമാനം കുടുംബ ബഡ്ജറ്റിന് സഹായകരമാകുന്ന തീരുമാനമാണെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളെ സഹായിക്കുന്ന ഒന്നാണ് സിലിണ്ടറുകള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

പെട്രോള്‍ നികുതിയില്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ വിലയില്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. ഇതിനു പുറമേ പാചകവാതകത്തിന് 200 രൂപയുടെ സബ്‌സിഡിയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിലക്കുറവ് നാളെ രാവിലെ മുതല്‍ നിലവില്‍ വരും.

രാജ്യത്തെ പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുകെട്ടുന്നതിന് പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ളവയുടെ നികുതി കേന്ദ്രം കുറച്ചത്.രാജ്യത്തെ അവശ്യസാധനങ്ങളുടെ വില വന്‍ തോതില്‍ വര്‍ദ്ധിച്ചിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് നികുതി കുറയ്ക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് അറിയിച്ചത്. രാജ്യത്തെ നികുതി കുറയ്ക്കുന്ന ഉത്പന്നങ്ങള്‍ ഇവയാണ്.

ഇന്ധനനികുതി

പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുടെയും കുറവാണ് നികുതി ഇനത്തില്‍ വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഇന്ധനവിലയില്‍ പെട്രോളിന് 9.50 രൂപയും ഡീസലിന് 8 രൂപയും കുറയും. കേന്ദ്രത്തിന്റെ എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവിലയില്‍ കാര്യമായ കുറവ് വന്നിട്ടുള്ളത്.

പാചകവാതകം

പാചകവാതകത്തിന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പല ഘട്ടങ്ങളിലായി നിര്‍ത്തലാക്കിയ സബ്‌സിഡിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുനസ്ഥാപിക്കുന്നത്. സിലിണ്ടറിന് 200 രൂപ എന്ന കണക്കില്‍ പരമാവധി 12 സിലിണ്ടറുകള്‍ക്കാണ് സബ്‌സിഡി ലഭിക്കുക.

വളങ്ങളും കീടനാശിനികളും

കാര്‍ഷിക രംഗത്ത് വളങ്ങളുടെയും കീടനാശിനികളുടെയും വില ഉയരുന്ന സാഹചര്യത്തില്‍ ഇവയ്ക്ക് നല്‍കുന്ന സബ്‌സിഡി കേന്ദ്രം ഉയര്‍ത്തും. നിലവില്‍ 1.05ലക്ഷം കോടി രൂപയാണ് വളങ്ങളുടെയും കീടനാശിനികളുടെയും സബ്‌സിഡിക്കായി കേന്ദ്രം നല്‍കുന്നത്. ഇതിനുപുറമേ ഒരു ലക്ഷം കോടി രൂപ കൂടി അധിക സബ്‌സിഡിയായി നല്‍കും.

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍

പ്‌ളാസ്റ്റിക്ക് ഉത്പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെയും അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കസ്റ്രംസ് തീരുവ കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഇറക്കുമതിയെയാണ് ഇന്ത്യ വന്‍തോതില്‍ ആശ്രയിക്കുന്നതിനാലാണ് ഇറക്കുമതി നികുതിയില്‍ കുറവ് വരുത്തിയതെന്ന് ധനകാര്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനനികുതിയില്‍ കുറവ് വരുത്തിയ സാഹചര്യത്തില്‍ കേരളവും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ധന നികുതി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്തുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി പറഞ്ഞു. പെട്രോള്‍ നികുതി 2.41 രൂപയായും ഡീസല്‍ നികുതി 1.36 രൂപയായുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker