NationalNews

ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിൽ ജഡ്ജിമാരെ ഭാഗമാക്കരുതെന്ന് ഭരണഘടന ഉദ്ധരിച്ച്‌ കിരൺ റിജിജു

ന്യൂഡല്‍ഹി: ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള കൊളീജിയം സംവിധാനത്തിനെതിരായ വിമര്‍ശനം കടുപ്പിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ ജഡ്ജിമാരെ ഭാഗമാക്കരുതെന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ആ നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുതെന്ന് സുപ്രീം കോടതിയോട് അഭ്യര്‍ഥിക്കുന്നതായും കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. കൊളീജിയം സംവിധാനം കാരണം ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനായി സീനിയര്‍ ജഡ്ജിമാര്‍ തങ്ങളുടെ വിലയേറിയ സമയം ചെലവഴിക്കുക ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരുംകാല ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത് വെറും ഭരണപരമായ ജോലിയാണ്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും സീനിയര്‍ ജഡ്ജിമാര്‍ ഇതിനായി സമയം ചെലവഴിക്കുന്നത്, ജഡ്ജിയെന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും നിയമ മന്ത്രി വ്യക്തമാക്കി. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കൊളീജിയവും തമ്മിലുള്ള ഭിന്നത ശക്തമായി നിലനില്‍ക്കുന്നതിനിടയിലാണ് റിജിജുവിന്റെ അഭിപ്രായ പ്രകടനം.

ഭരണഘടന വ്യവസ്ഥകള്‍ റദ്ദാക്കിയാണ് രണ്ടാം ജഡ്ജസ് കേസില്‍ കൊളീജിയം സംവിധാനം രൂപീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത് എക്‌സിക്യുട്ടീവ് ആയിരിക്കണമെന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവിലുള്ള ജഡ്ജിമാരോട് കൂടിയാലോചന നടത്തണമെന്ന് മാത്രമാണ് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത്. മറ്റ് നടപടിക്രമങ്ങളില്‍ ജഡ്ജിമാരെ ഭാഗമാക്കരുതെന്ന് കൃത്യമായി ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊളീജിയം സംവിധാനം നിലനില്‍ക്കുന്ന കാലയളവില്‍ അത് സര്‍ക്കാര്‍ അംഗീകരിക്കും. നിലവിലുള്ള നടപടിക്രമങ്ങളില്‍ (MOP) മാറ്റം വരുത്താന്‍ സുപ്രീം കോടതി ശ്രമിച്ചാല്‍ അത് സര്‍ക്കാരിന് പ്രശ്‌നം സൃഷ്ടിക്കും. നടപടി ക്രമങ്ങള്‍ പാലിച്ചാണ് ജഡ്ജി നിയമനത്തില്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നതെന്നും ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിജിജു വ്യക്തമാക്കി.

ആവര്‍ത്തിച്ച് നല്‍കുന്ന ജഡ്ജി നിയമന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യത ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ച് സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 1993-ലെ രണ്ടാം ജഡ്ജസ് കേസിലെ വിധിയും, 2021-ലെ മൂന്ന് അംഗ ബെഞ്ചിന്റെ വിധിയും ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker