FeaturedHome-bannerKeralaNews

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (63) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു. 

1960ല്‍ എറണാകുളം കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബയുടെയും മകനായാണ് സിദ്ദിഖിന്റെ ജനനം. കലൂര്‍ ഗവ. ഹൈസ്‌കൂള്‍, കളമശേരി സെന്റ് പോള്‍സ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍. 

1983ല്‍ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് സിനിമാ രംഗത്തേക്കു വരുന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദിഖിനെയും ലാലിനെയും ഫാസിലാണ് കണ്ടെത്തി സിനിമയിലേക്ക് എത്തിക്കുന്നത്. 6 വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദിഖും ലാലും കൈകോര്‍ത്തതോടെ മലയാള സിനിമയില്‍ ജനപ്രിയമായ കുറേയേറെ ചിത്രങ്ങള്‍ പിറന്നു. വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകെട്ടു പിരിഞ്ഞെങ്കിലും സിദ്ദിഖ് സംവിധാന രംഗത്തുതന്നെ തുടർന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായകന്റെ മേലങ്കി സിദ്ദിഖ് അണിഞ്ഞിരുന്നു. 

റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. നിരവധി ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കുകയും ചെയ്തു. ഇതിനിടെ പല സിനിമകളിലും അഭിനേതാവിന്റെ കുപ്പായവും സിദ്ദിഖ് അണിഞ്ഞു. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 

കൊച്ചിയില്‍ മിമിക്രി വേദികളില്‍ സജീവമായിരുന്ന സിദ്ദിഖ് കലാഭവനിലും ഹരീശ്രീയിലും അംഗമായിരുന്നു. ഇതിനിടെ അന്‍സാര്‍ എന്ന സുഹൃത്താണ് ഫാസിലിന്റെ അടുത്തെത്തിച്ചത്. ഫാസിലിന്റെ സഹായികളായി ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ലാലിനൊപ്പമാണ് റാംജിറാവു സ്പീക്കിങ് ആലോചിച്ചതും വെള്ളിത്തിരയിലെത്തിച്ചു ചരിത്രമാക്കിയതും. സൗഹൃദങ്ങളുടെ കഥകളെ ചിരിയില്‍ പൊതിഞ്ഞെടുത്ത സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് 1994ല്‍ കാബൂളിവാലയോടെയാണ് അവസാനിച്ചത്.

സിദ്ദിഖും ലാലും ഒരുമിച്ചു ചെയ്‌ത പ്രശസ്ത സിനിമകൾ

റാംജിറാവ് സ്‌പീക്കിങ്

ഇൻ ഹരിഹർ നഗർ

ഗോഡ് ഫാദർ

വിയറ്റ്‌നാം കോളനി

കാബൂളിവാല

ലാൽ നിർമിച്ച് സിദ്ദിഖ് സംവിധാനം ചെയ്‌ത സിനിമകൾ

ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker