KeralaNews

ധൈര്യമായി മാമ്പഴം കഴിച്ചോളൂ; ആരോഗ്യത്തിന് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് അറിയാമോ?

കൊച്ചി:മാമ്പഴക്കാലമാണിത്. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട മാമ്പഴങ്ങള്‍ വിപണിയില്‍ എത്താൻ തുടങ്ങിയിരിക്കുന്നു. നാടൻ ഇനങ്ങള്‍ മുതല്‍ ഹൈബ്രിഡ് ഇനങ്ങള്‍ വരെ ഇത്തരത്തില്‍ കടകളില്‍ നമുക്ക് കാണാൻ സാധിക്കും. മാമ്പഴമാണെങ്കില്‍ ഇഷ്ടമില്ലാത്തവരും വിരളമാണ്. മിക്കവരും മാമ്പഴ പ്രിയര്‍ തന്നെയാണ്.

മാമ്പഴം വെറുതെ കഴിക്കാനോ, ജ്യൂസോ ഷെയ്ക്കോ ലസ്സിയോ സ്മൂത്തിയോ ആക്കിയെല്ലാം കഴിക്കാനോ, അല്ലെങ്കില്‍ വിവിധ തരം കറികളാക്കി കഴിക്കാനോ എല്ലാം നാം താല്‍പര്യപ്പെടാറുണ്ട്. ഏത് വിഭാഗക്കാര്‍ക്കും സധൈര്യം കഴിക്കാവുന്നൊരു ഭക്ഷണം കൂടിയാണ് മാമ്പഴം. 

പ്രമേഹമുള്ളവരാണെങ്കില്‍ ഷുഗര്‍നില കൂടാതിരിക്കാൻ മാമ്പഴം കഴിക്കുമ്പോള്‍ ശ്രദ്ധ വേണമെന്ന് മാത്രം. അല്ലാത്തവര്‍ക്കെല്ലാം ആശങ്കകളേതും കൂടാതെ മാമ്പഴം കഴിക്കാവുന്നതാണ്. മാമ്പഴം കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

നമ്മള്‍ ഓട്ട്സ് കഴിക്കണമെന്ന് പറയുന്നത് അത് ഫൈബറിന്‍റെ നല്ലൊരു ഉറവിടമായതിനാലാണ്. അതുപോലെ ഗ്രീൻ ടീ കഴിക്കണമെന്ന് പറയുന്നത് ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സിന് വേണ്ടിയാണ്. ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമായ ആന്‍റി-ഓകിസ്ഡന്‍റ്സ് കിട്ടുന്നതിനാണ് ഡാര്‍ക് ചോക്ലേറ്റ് പോലുള്ള വിഭവങ്ങള്‍ കഴിക്കാൻ നിര്‍ദേശിക്കുന്നത്.

എന്നാല്‍ നിങ്ങള്‍ക്കറിയാമോ, ഈ ഘടകങ്ങളെല്ലാം ഒന്നിച്ച് അടങ്ങിയ ഭക്ഷണമാണ് മാമ്പഴം. പല ഉത്പന്നങ്ങളും തങ്ങളുടെ ഗുണഗണങ്ങള്‍ വച്ച് വലിയ രീതിയില്‍ പരസ്യം കൊടുക്കുന്നതിനാലാണ് ഇവയെല്ലാം ‘ഹെല്‍ത്തി’ ഭക്ഷണങ്ങളായി അറിയപ്പെടുന്നത്. എന്നാല്‍ പഴങ്ങളുടെ കാര്യത്തില്‍ അവ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ ഇത്തരത്തില്‍ പരസ്യം കൊടുക്കില്ലല്ലോ.

ഫൈബര്‍ അടങ്ങിയ ഭക്ഷണമെന്നാല്‍ അത് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, മിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍ പ്രമേഹം നിയന്ത്രിക്കുന്നതിനും- ശരീരഭാരം കുറയ്ക്കുന്നതിനും (ഡയറ്റില്‍ ഉള്‍പ്പെടുത്താൻ) എല്ലാം സഹായകമാണ്. ദിവസവും നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഫൈബര്‍ കാര്യമായി അടങ്ങിയവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതുണ്ട്. 

പോളിഫിനോള്‍സും ഇതുപോലെ ആരോഗ്യത്തിന് ഏറെ ഗുണകരമായി വരുന്ന ഘടകമാണ്. ബിപി, പ്രമേഹം എന്നിവയെല്ലാം നിയന്ത്രിക്കുന്നതിനും, രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും, വണ്ണം കുറയ്ക്കുന്നതിനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഇത് ഏറെ സഹായകമാണ്. പല രോഗങ്ങളെയും അണുബാധകളെയും ചെറുക്കുന്നതിന് നമ്മെ സഹായിക്കാനും ഇവയ്ക്ക് കഴിയും. ഇത്തരത്തില്‍ ക്യാൻസര്‍ രോഗത്തെ വരെ ചെറുക്കാൻ കഴിയുമെന്നാണ് പഠനങ്ങള്‍  ചൂണ്ടിക്കാട്ടുന്നത്. 

ആന്‍റി-ഓക്സിഡന്‍റുകളുടെ കാര്യവും മറിച്ചല്ല. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് മൂലം പല രോഗങ്ങളും അകന്നുനില്‍ക്കാം. ചെറിയ അണുബാധകളോ ആരോഗ്യപ്രശ്നങ്ങളോ മുതല്‍ ഗുരുതരമായ ചില രോഗങ്ങളെ വരെ ചെറുക്കാൻ ആന്‍റി-ഓക്സിഡന്‍റ്സിന് കഴിയും. കണ്ണിന്‍റെ ആരോഗ്യം, തലച്ചോറിന്‍റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും ആന്‍റി-ഓക്സിഡന്‍റുകള്‍ സഹായകം തന്നെ. 

ഇനിയും പ്രതിപാദിക്കാത്ത ഗുണങ്ങള്‍ മാമ്പഴത്തിനുണ്ട്. അങ്ങനെയെങ്കില്‍ ഇത് ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് മനസിലാക്കാവുന്നതേ ഉള്ളൂ. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ സീസണില്‍ നല്ലതുപോലെ മാമ്പഴം ആസ്വദിച്ച് കഴിച്ചോളൂ. എന്നാല്‍ അമിതമാകാതെയും ശ്രദ്ധിക്കണേ..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker