
കൊച്ചി:എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ വാദങ്ങൾ ശരിവച്ച് മഹാരാജാസ് കോളജ്. ആർഷോമിന്റെ ഭാഗത്ത് തെറ്റില്ല. ആർഷോം പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ല. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതായി കാണിക്കുന്നത് എൻഐസിയിലെ പിഴവായിരുന്നെന്നും മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയ് വ്യക്തമാക്കി. രാവിലെ ആർഷോം മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടുകയും പരീക്ഷയ്‌ക്ക് റജിസ്റ്റർ ചെയ്തെന്നും പറഞ്ഞ നിലപാടാണ് കോളജ് തിരുത്തിയത്.
ആർഷോ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വിദ്യാർഥികൾ അറിയിച്ചു. ഇതേ തുടർന്ന് അക്കൗണ്ട്സ് വിഭാഗത്തിൽ പരിശോധിച്ചപ്പോഴാണ് പിഴവ് ബോധ്യപ്പെട്ടതെന്നാണ് കോളജ് നിലപാട്.
‘എൻഐസിയിലെ സാങ്കേതികപ്പിഴവാണ് വിദ്യാർഥി റജിസ്റ്റർ ചെയ്തതായി കാണിക്കുന്നത്. ഇത് ഞങ്ങൾക്ക് തിരുത്താനാകുന്ന രേഖയല്ല. ഇതിന്റെ കൺട്രോൾ പാനൽ എൻഐസിയുടെ കൈയിലാണ്. വിദ്യാർഥി ഫീസ് അടച്ചിട്ടില്ല. പക്ഷെ റജിസ്റ്റര്‍ ചെയ്ത വിദ്യാർഥികളുടെ പട്ടികയിലാണ്.’–ഡോ.വി.എസ്.ജോയ് പറഞ്ഞു.
രാവിലെ എഴുതാത്ത പരീക്ഷ പാസായെന്നത് എൻഐസി സാങ്കേതിക പിഴവാണെന്നും. ഇതിൽ യാതൊരുതരത്തിലുള്ള ഗൂഢാലോചനയും ഇല്ലെന്നും കോളജ് പ്രിൻസിപ്പൽ വിശദീകരിച്ചിരുന്നു. ജൂനിയർ വിദ്യാർഥികള്‍ക്കൊപ്പമുള്ള ഫലം ക്രമക്കേടെന്നാണ് ആർഷോ വാദിച്ചിരുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷയും ജയിച്ചതായുള്ള മാർക്ക്‌ലിസ്റ്റ് പുറത്തുവന്നതാണ് വിവാദമായത്.
മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും ആർഷോയ്ക്കു മാർക്കോ ഗ്രേഡോ ഇല്ല. എന്നാൽ, ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 23നു പ്രസിദ്ധീകരിച്ച ഫലമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.