NationalNews

ന്യൂനപക്ഷ എംഎഎൻഎഫ് സ്കോളർഷിപ്പും കേന്ദ്രസർക്കാർ നിർത്തലാക്കുന്നു

ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അനുവദിച്ചിരുന്ന മൗലാന ആസാദ് നാഷനൽ ഫെലോഷിപ് (എംഎഎൻഎഫ്) നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നേരത്തെ 1 മുതൽ 8 വരെ ക്ലാസുകളിൽ, നിശ്ചിത വരുമാന പരിധിയിലുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കു നൽകിയിരുന്ന പ്രീമട്രിക് സ്കോളർഷിപ്പും കേന്ദ്ര സാമൂഹിക നീതി, ഗോത്രവർഗകാര്യ മന്ത്രാലയങ്ങൾ നൽകിയിരുന്ന പ്രീമട്രിക് സ്കോളർഷിപ്പുകളും നിർത്തലാക്കാൻ തീരുമാനിച്ചിരുന്നു.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ ഫെലോഷിപ്പുകളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കും അവസരമുണ്ടെന്നും എംഎഎൻഎഫ് സ്കീം മറ്റു ചില ഫെലോഷിപ് പദ്ധതികളുടെ പരിധിയിൽ വരുന്നുണ്ടെന്നും വ്യക്തമാക്കിയാണ് ഈ അധ്യയന വർഷം മുതൽ ഇതു നൽകേണ്ടതില്ലെന്നു തീരുമാനിച്ചത്.

ടി.എൻ.പ്രതാപന്റെ ചോദ്യത്തിനു മറുപടിയായി ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, ജെയിൻ, പാർസി, സിഖ് വിഭാഗത്തിൽ നിന്നുള്ളവർക്ക് എംഫിൽ, പിഎച്ച്ഡി പഠനത്തിനു നൽകുന്നതാണ് എംഎഎൻഎഫ്. 5 വർഷത്തേക്കാണ്  ഫെലോഷിപ് അനുവദിച്ചിരുന്നത്.

1 മുതൽ 8 വരെ ക്ലാസുകാർക്ക് ന്യൂനപക്ഷ സ്കോളർഷിപ്  നൽകേണ്ടതില്ല എന്ന കേന്ദ്ര സർക്കാർ തീരുമാനം കാരണം 80% വിദ്യാർഥികൾക്കും സ്കോളർഷിപ് നഷ്ടപ്പെടുമെന്ന് എ.പി.അനിൽ‌കുമാറിന്റെ സബ്മിഷനു മറുപടിയായി മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. 1 മുതൽ 10 വരെ ക്ലാസുകാർക്ക് നൽകി വരുന്ന പ്രീമട്രിക് സ്കോളർഷിപ്പിന് 8 ലക്ഷം കുട്ടികളാണ് അപേക്ഷിച്ചിട്ടുള്ളത്. സ്കോളർഷിപ്  പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനു മേൽ സമ്മർദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു. 

∙ പൊതു ശുചിമുറികളെ എളുപ്പത്തിൽ തിരിച്ചറിയാൻ കളർകോഡ്, ലോഗോ  എന്നിവ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും വി.കെ.പ്രശാന്തിന്റെ സബ്മിഷനു മറുപടിയായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. 

∙ കഴിഞ്ഞ തിങ്കളാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ നിയമസഭാ മാർച്ചിനെതിരെ സ്റ്റൺ ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നത് ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാത്തതിനാൽ ആണെന്ന് വി.ഡി.സതീശന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ഒരു പ്രവർത്തകന്റെ ഇടതുകാലിനു മുറിവേൽക്കാൻ ഇടയായി. പരുക്കേറ്റ പ്രവർത്തകനെ ചികിത്സയ്ക്കായി  പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker