NationalNews

വിവാഹത്തിന് പുറത്ത് കുഞ്ഞുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാനാകില്ല’:സുപ്രീംകോടതി

ന്യൂഡൽഹി:വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സുപ്രീം കോടതി. വിവാഹത്തിന് പുറത്ത് കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃകയെ പിന്തുണയ്ക്കാൻ ആവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.വാടക ഗർഭധാരണത്തിലൂടെ  അമ്മയാകാൻ അനുമതി ആവശ്യപ്പെട്ട് അവിവാഹിതയായ 44–കാരി നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി കേട്ടത്. ‘‘വിവാഹത്തിന് അകത്ത് നിന്നുകൊണ്ട് അമ്മയാകുക എന്നുള്ളതാണ് ഇന്ത്യൻ രീതി. വിവാഹത്തിന് പുറത്ത് അമ്മയാകുക എന്നുള്ളത് നമ്മുടെ രീതിയല്ല. ഞങ്ങൾക്കതിൽ ആശങ്കയുണ്ട്. കുട്ടിയുടെ ക്ഷേമം മുൻനിർത്തിയാണ് ഞങ്ങൾ സംസാരിക്കുന്നത്. വിവാഹം എന്ന  സംവിധാനം നിലനിൽക്കേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ്. നമ്മൾ പാശ്ചാത്യ രാജ്യങ്ങളെപ്പോലെയല്ല. ഇങ്ങനെ അഭിപ്രായപ്പെടുന്നത് കൊണ്ട് ഞങ്ങളെ യാഥാസ്ഥിതികരെന്ന് നിങ്ങൾ കുറ്റപ്പെടുത്തിയേക്കാം. ഞങ്ങളത് അംഗീകരിക്കുന്നു’’ ജസ്റ്റിസ് നാഗരത്ന പറഞ്ഞു. 

44 വയസ്സായ സ്ഥിതിക്ക് കുഞ്ഞിനെ പരിപാലിക്കുക യുവതിയെ സംബന്ധിച്ചിടത്തോളം എളുപ്പമാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ജീവിതത്തിൽ എല്ലാം ലഭിക്കില്ലെന്ന് ഉപദേശിച്ച കോടതി അച്ഛനും അമ്മയും ആരാണെന്നറിയാതെ പാശ്ചാത്യ നാടുകളിലെ പോലെ കുട്ടികൾ അലഞ്ഞുനടക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.  ശാസ്ത്രം ഒരുപാട് മാറിക്കഴിഞ്ഞു. പക്ഷേ സാമൂഹിക കാഴ്ചപ്പാടുകൾ മാറിയിട്ടില്ല. അതു ചിലപ്പോൾ നല്ലതിനാകും കോടതി പറഞ്ഞു.

അമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിവാഹം കഴിക്കുകയോ ദത്തെടുക്കുകയോ ചെയ്യാനായിരുന്നു കോടതിയുടെ മറ്റൊരു ഉപദേശം. എന്നാൽ വിവാഹിതയാകാൻ താല്പര്യപ്പെടുന്നില്ലെന്ന് സ്ത്രീയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ദത്തെടുക്കൽ നടപടികൾ ഒരുപാട് കാലതാമസമെടുക്കുന്നതാണന്നും അഭിഭാഷകൻ കോടതിയോട് പറഞ്ഞു. 

ഇന്ത്യയിലെ വാടക ഗർഭധാരണ നിയമം സെക്ഷൻ 2(എസ്) പ്രകാരം വിധവയോ, വിവാഹമോചനം നേടിയതോ ആയ 35–45 നും ഇടയിൽ പ്രായമുള്ള സ്ത്രീക്ക് മാത്രമാണ് വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ സാധിക്കൂ. അവിവാഹിതർക്ക് സാധിക്കില്ല. ഇത് വിവേചനവും യുക്തിസഹമല്ലാത്ത നടപടിയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 44–കാരി കോടതിയെ സമീപിച്ചത്. നിയന്ത്രണം മൗലിക അവകാശത്തെ തടയുന്നു എന്നുമാത്രമല്ല കുടുംബമായി കഴിയാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെ തടയുന്നതാണെന്നും, പ്രത്യുല്പാദന അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും യുവതി വാദിച്ചു.

ബഹുരാഷ്ട്ര കമ്പനിയില ജീവനക്കാരിയായ യുവതിക്ക് വേണ്ടി അഭിഭാഷകൻ ശ്യാംലാലാണ് ഹാജരായത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker