NationalNews

ഹിന്ദുജ കുടുംബത്തിലെ 4 പേർക്ക് ജയിൽ ശിക്ഷ; തൊഴിലാളികളെ ചൂഷണം ചെയ്തതെന്ന കേസിൽ സ്വിറ്റ്സർലന്റിൽ കോടതി വിധി

ജനീവ: ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളും ഇന്ത്യൻ വംശജരുമായ ‘ഹിന്ദുജ കുടുംബത്തിലെ’ നാല് പേർക്ക് സ്വിറ്റ്സർലന്റിൽ ജയിൽ ശിക്ഷ വിധിച്ചെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ അതിസമ്പന്ന കുടുംബമായ ഇവരുടെ സ്വിറ്റ്സർലന്റിലെ ബംഗ്ലാവിൽ നടന്ന തൊഴിൽ ചൂഷണങ്ങളുടെ പേരിലാണ് നടപടി.

ഇന്ത്യയിൽ നിന്ന് എത്തിച്ച തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരുടെ പാസ്‍പോർട്ടുകൾ പിടിച്ചുവെയ്ക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് വിശദമാക്കുന്നു.

ഹിന്ദുജ ഗ്രൂപ്പ് സ്ഥാപകനായ പർമാനന്ദ് ഹിന്ദുജയുടെ മകനായ പ്രകാശ് ഹിന്ദുജ, ഭാര്യ കമൽ ഹിന്ദുജ എന്നിവർക്ക് നാലര വ‍ർഷം തടവും പ്രകാശ് ഹിന്ദുജയുടെ മകൻ അജയ്, അജയുടെ ഭാര്യ നമ്രത എന്നിവർക്ക് നാല് വർഷം തടവുമാണ് ജനീവയിലെ കോടതി വിധിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വിധി പ്രസ്താവിക്കുമ്പോൾ പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല.  47 ബില്യൻ അമേരിക്കൻ ഡോളറിന്റെ ആസ്തിയുള്ള ധനിക കുടുംബത്തിന്റെ ബംഗ്ലാവിൽ ഗുരുതരമായ തൊഴിലാളി ചൂഷണം നടന്നുവെന്ന റിപ്പോർട്ടുകൾ കഴി‌ഞ്ഞ ദിവസം തന്നെ കോടതി നടപടികളുടെ അടിസ്ഥാനത്തിൽ പുറത്തുവന്നിരുന്നു.

ഇന്ത്യയിൽ നിന്നെത്തിച്ച തൊഴിലാളികളെ ചൂഷണം ചെയ്തുവെന്നും അവർ സ്വിസ്റ്റസർലന്റിൽ എത്തിയ ശേഷം പാസ്‍പോർട്ടുകൾ പിടിച്ചുവെച്ചെന്നും കേസ് രേഖകൾ പറയുന്നു. ജീവനക്കാർക്ക് വളരെ തുച്ഛമായ ശമ്പളം മാത്രമാണ് നൽകിയിരുന്നതെന്നും അവർക്ക് വീടുവിട്ട് പോകാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നുവെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.

പ്രകാശ് ഹിന്ദുജയ്ക്കും ഭാര്യയ്ക്കും അഞ്ചര വർഷം ജയിൽ ശിക്ഷ നൽകണമെന്നാണ് കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 78ഉം 75ഉം വയസുള്ള പ്രകാശ് ഹിന്ദുജയും ഭാര്യയും അനാരോഗ്യം കാരണം വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നില്ല. ആരോപണങ്ങളെല്ലാം ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകർ നിഷേധിക്കുകയും ചെയ്തു. 

ശക്തരായ തൊഴിലുടമകളും പാവപ്പെട്ട തൊഴിലാളികളും തമ്മിലുള്ള അന്തരം പ്രതികൾ ചൂഷണം ചെയ്തുവെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. തൊഴിലാളികൾക്ക് മാസം 250 മുതൽ 450 വരെ ഡോളറാണ് ശമ്പളം നൽകിയിരുന്നത്. ഇത് സ്വിറ്റ്സർലന്റിൽ അവർക്ക് ലഭിക്കേണ്ട പ്രതീക്ഷിത ശമ്പളത്തേക്കാൾ വളരെ കുറവായിരുന്നു. പാവങ്ങളുടെ ദുരിതത്തിൽ നിന്ന് പ്രതികൾ ലാഭമുണ്ടാക്കുകയായിരുന്നു എന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

എന്നാൽ തൊഴിലാളികൾക്ക് മാന്യമായ ശമ്പളം നൽകിയിരുന്നുവെന്നും അവരെ തടങ്കലിൽ വെച്ചിട്ടില്ലെന്നും അവർക്ക് പുറത്തുപോകാൻ അനുവാദമുണ്ടായിരുന്നെന്നും ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകർ വാദിച്ചു. പ്രോസിക്യൂഷൻ പ്രതിപാദിച്ചത്

ജീവനക്കാർക്ക് പണമായി നൽകിയതിന് പുറമെയുള്ള ശമ്പളമായിരുന്നെന്നും ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട ചിലർക്ക് അത് നൽകിയിരുന്നുവെന്നും ഇവർ പറ‌ഞ്ഞു. പരാതി നൽകിയ മൂന്ന് തൊഴിലാളികളുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്.

38 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ് ഹിന്ദുജ ഗ്രൂപ്പിനുള്ളത്. എണ്ണ, വാതകം, ബാങ്കിങ്, ആരോഗ്യം, വാഹന നിർമാണം എന്നിങ്ങനെ വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുകയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ പ്രവ‍ർത്തനം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker