24.5 C
Kottayam
Saturday, May 25, 2024

മുഖ്യമന്ത്രിക്കായി ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; സ്വപ്‍ന ഇന്ന് ശബ്ദരേഖ പുറത്തുവിട്ടേക്കും

Must read

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മ‍ർദ്ദവും ചെലുത്തി എന്ന ആരോപണത്തിൽ സ്വപ്ന, ഇന്ന് ശബ്ദരേഖ പുറത്തുവിട്ടേക്കും. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കാൻ ആവശ്യമായ ശബ്ദരേഖ കയ്യിൽ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്ന് ഷാജ് കിരൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചതെന്നും സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ഇതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി അടക്കം ഉന്നയിച്ച ആരോപണങ്ങളും തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും സെക്രട്ടേറിയറ്റ് യോഗത്തിൽ ചര്‍ച്ചയാകും.

മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വിവാദം ആളിക്കത്തിക്കുമ്പോൾ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളതും  ചര്‍ച്ചയാകും. 

അന്വേഷണ സംഘം ഉടൻ യോഗം ചേരും

അതേസമയം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഉടൻ യോഗം ചേരും.  ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘാംഗങ്ങളുടെ യോഗത്തിന് ശേഷമായിരിക്കും തുടർ നടപടി. പി.സി.ജോർജിനെയും സ്വപ്‍നയെയുമാണ് പ്രതി ചേർത്തിട്ടുള്ളത്.

ഇരുവരെയും ചോദ്യം ചെയ്യുകയായിരിക്കും ആദ്യ നടപടി. പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയെങ്കിലും കന്റോൺമെന്റ് സ്റ്റേഷനിലുള്ള ഫയലുകള്‍ കൈമാറിയിട്ടില്ല. അന്വേഷണ സംഘം സോളാർ കേസിലെ പ്രതി സരിതയെയും ചോദ്യം ചെയ്യും. സരിതയും പി.സി.ജോർജുമായുള്ള ശബ്ദരേഖ പുറത്തുവന്നിരുന്നു. സൈബർ തെളിവുകളും അന്വേഷണ സംഘം പരിശോധിക്കും. സ്വപ്നയെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്  കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week