KeralaNewsNews

സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; ചടങ്ങ് തിങ്കളാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയാണ് വരൻ. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിലാണ് ലളിതമായ ചടങ്ങ് നടക്കുക. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാം രഹസ്യമായാണ് നടത്തുന്നത്. സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് വിവരം.

സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭർത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തുന്നത്. ഏറെ നാളായുള്ള മകളുടെ പ്രണയമാണിത്. മകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കൃഷ്ണകുമാർ വിവാഹം നടത്തുന്നതെന്നാണ് വിവരം. പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന മകൾ ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വർണക്കടത്ത് കേസിന് മുൻപേ സ്വപ്നയുടെ മകൾ കാഞ്ഞിരംപാറയിലെ യുവാവുമായി പ്രണയത്തിലായിരുന്നു.

വിമാനത്താവളത്തിൽ സ്വർണം പിടികൂടിയതിന് ശേഷം അത് വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്വപ്ന കുടുംബത്തോടെ നാടുവിട്ടിരുന്നു. അന്ന് സ്വപ്നയ്ക്കായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിക്കാതിരുന്നതിനാൽ ഏറെ ശ്രമകരമായാണ് രഹസ്യാന്വേഷണ വിഭാഗം നീക്കങ്ങൾ നടത്തിയത്. സ്വപ്നയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ഫോണുകൾ സ്വിച്ച് ഓഫായതോടെ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയിരുന്നു.

കേരളത്തിൽ നിന്ന് പോകുന്നതിന് മുൻപ് സ്വപ്നയുടെ ഫോണിൽ നിന്നും ദീർഘനേരം സംസാരിച്ച നമ്പരുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ കാഞ്ഞിരംപാറയിലെ ഈ യുവാവിന്റെ നമ്പരും കണ്ടെത്തിയിരുന്നു. സ്വപ്ന തലസ്ഥാനത്ത് നിന്ന് പോയതിന് ശേഷം ഈ യുവാവിന്റെ നമ്പരിലേക്ക് കേരളത്തിന് പുറത്ത് നിന്ന് കോളുകൾ വരുന്നതായി കണ്ടെത്തുകയും ചെയ്തു.

തുടർന്ന് രഹസ്യാന്വേഷണ വിഭാഗം യുവാവിനെ കസ്റ്റഡിയിലെടുത്ത് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നാണ് സ്വപ്ന ബാംഗ്ലൂരിലാണെന്ന് കണ്ടെത്തിയത്. പിന്നാലെ പൊലീസും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അതേസമയം ഇപ്പോൾ സ്വപ്നയും കുടുംബവും ഈ ബന്ധത്തോട് താത്പര്യം കാട്ടിയിരുന്നില്ലെന്നാണ് വിവരം, എന്നാൽ ബന്ധം പരസ്യമായതിനാൽ യുവാവും കുടുംബവും ഇതുമതിയെന്ന ഉറച്ച നിലപാടെടുത്തതായാണ് വിവരം.

വിവാഹത്തിൽ പങ്കെടുക്കാൻ സാഹചര്യമൊരുങ്ങിയാലും സ്വപ്ന അതിന് തയ്യാറാകില്ല. സ്വപ്ന എത്തിയാൽ ചടങ്ങ് കൂടുതൽ മാധ്യമ ശ്രദ്ധ ആകർഷിക്കുകയും ചർച്ചയാകുകയും ചെയ്യും. അതിന് സ്വപ്ന താത്പര്യപ്പെടുന്നില്ലെന്നാണ് വിവരം. സ്വർണക്കടത്ത് കേസിൽ ഷാജ് കിരണിന്റെ വരവോടെയാണ് സ്വപ്ന കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. നല്ലൊരു തുകവാങ്ങി കേസിൽ നിന്ന് പിന്മാറണമെന്ന് ഷാജ് കിരൺ പറഞ്ഞെന്നും അതിന് തയ്യാറായില്ലെങ്കിൽ മകളുടെയും മകന്റെയും ജീവിതം തുലയ്ക്കുമെന്നും സ്വപ്നയെയും സരിത്തിനെയും വീണ്ടും ജയിലിലാക്കുമെന്നും ഷാജ് കിരൺ പറഞ്ഞിരുന്നതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

തന്റെ മക്കളുടെ ഭാവി അപകടരമാണെന്ന് സ്വപ്നയും ഉറച്ചു വിശ്വസിച്ചിരുന്നു. അതിനാൽ തനിക്ക് ഇഷ്ടമില്ലെങ്കിലും മകളുടെ ഇഷ്ടം നടക്കട്ടെയെന്നുള്ള നിലപാടിലാണ് സ്വപ്നയ്ക്ക്.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരേ കഴിഞ്ഞ ദിവസവും ഗുരുതരമായി ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. കേസ് സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.

ഒറ്റയ്ക്കും കോൺസൽ ജനറലിനൊപ്പവും രഹസ്യ കൂടിക്കാഴ്ചയ്ക്കായി രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലെന്നും സ്വപ്ന പറഞ്ഞു. ഇതെല്ലാം പച്ചക്കള്ളമാണെങ്കിൽ 2016 മുതൽ 2020 വരെയുള്ള ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും സ്വപ്ന ആവശ്യപ്പട്ടു. സ്പ്രിങ്‌ളറിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണെന്നും സ്പ്രിങ്‌ളർ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞിരുന്നതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker