തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. കസ്റ്റംസ് ബാഗേജ് വിട്ടുകിട്ടാനുള്‍പ്പെടെ ശിവശങ്കര്‍ ഇടപെട്ടെന്ന് സ്വപ്ന മാധ്യമ അഭിമുഖത്തില്‍ പറഞ്ഞു. ശിവശങ്കര്‍ ഇനിയും കൂടുതല്‍ പറഞ്ഞാല്‍ താനും പുസ്തകം എഴുതും. ഫോട്ടോ ഉള്‍പ്പെടെ എല്ലാ തെളിവുകളോടെയും പുസ്തകം ഇറക്കും. അദ്ദേഹത്തിന്റെ യഥാര്‍ഥ നിറം ലോകം അറിയുമെന്നും സ്വപ്ന പറഞ്ഞു.
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നതായും സ്വപ്ന വെളിപ്പെടുത്തി. ശ്രീരാമകൃഷ്ണന്റെ വീട്ടിലും ഫ്‌ളാറ്റിലും പോയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിനൊപ്പം യാത്രകള്‍ ചെയ്തിട്ടില്ല. കടയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ താന്‍ ആയിരുന്നില്ല പോയത്. സന്ദീപും സരിത്തുമാണ് സ്പീക്കറെ ക്ഷണിക്കാന്‍പോയത്. അദ്ദേഹത്തോട് ഫോണില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ എത്തിയേക്കാം എന്നാണ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപും സരിത്തും സ്പീക്കറെ ക്ഷണിക്കാന്‍പോയതെന്നും സ്വപ്ന പറഞ്ഞു.
തനിക്ക് സ്‌പേസ് സപാര്‍ക്കില്‍ ജോലി വാങ്ങി നല്‍കിയത് ശിവശങ്കറായിരുന്നു. തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെ ഫോണില്‍ മാനേജരായും ജോലി നല്‍കി. ജയശങ്കര്‍ നാലോ അഞ്ചോ മാസം ജോലി ചെയ്തു. സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍ പിരിച്ചുവിട്ടെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബവുമായും മുന്‍മന്ത്രി കെ.ടി.ജലീലുമായും ഔദ്യോഗിക ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും സ്വപ്ന പറയുന്നു. ജയിലില്‍ കിടന്നപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ വേദന തോന്നിയത് ശിവശങ്കര്‍ തന്നെ തള്ളിപ്പറഞ്ഞപ്പോഴാണ്. അതുകൊണ്ടാണ് പുറത്തുവന്ന് സംസാരിക്കേണ്ടിവന്നത്. തന്റെ ജീവിതത്തില്‍ എല്ലാം ശിവശങ്കര്‍ ആയിരുന്നുവെന്നും ചാനല്‍ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
തന്നെ നിശബ്ദയാക്കി ജയിലില്‍ അടയ്ക്കാനായാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എന്‍ഐഎയെ കൊണ്ടുവന്നത്. ഇതിനു പിന്നില്‍ ശിവശങ്കറിന്റെ ബുദ്ധിയാണെന്ന് അറിയാന്‍ കഴിഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നത് പറയി പ്പിച്ച കാര്യങ്ങളാണെന്നും സ്വപ്ന വെളിപ്പെടുത്തി.
ശിവശങ്കര്‍ അടക്കമുള്ള ആളുകള്‍ പറഞ്ഞതാണ് ആ സമയത്ത് ചെയ്തത്. തന്നോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചവരില്‍ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചവരിലും ശിവശങ്കര്‍ ഉണ്ട്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ച തെന്നും സ്വപ്ന പറഞ്ഞു. ഒരവസരം വന്നപ്പോള്‍ എല്ലാവരും തന്റെ തലയില്‍ കയറിയിരുന്ന് പലതും പറയുകയാണ്. ജയിലിലായതിനാല്‍ തനിക്കൊന്നും മിണ്ടാന്‍ കഴിഞ്ഞില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
നയതന്ത്ര ബാഗേജില്‍ എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണ്. ലോക്കറില്‍ ഉണ്ടായിരുന്ന തെല്ലാം കമ്മീഷന്‍ പണമായിരുന്നു. താനും ശിവശങ്കറും തമ്മിലുള്ള ബന്ധം വിവരിച്ച് വലിയ പുസ്തകം എഴുതാനാകും. പക്ഷേ പുസ്തകം എഴുതുമ്പോള്‍ തു ടക്കം മുതലുള്ള സത്യം എഴുതണമെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിനെപ്പറ്റി ഞാന്‍ പുസ്തകമെഴുതിയാല്‍ ഒരുപാട് രഹസ്യങ്ങള്‍ പുറത്തുവരും. എല്ലാ കാ ര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കര്‍.
കോണ്‍സല്‍ ജനറല്‍ പറഞ്ഞിട്ടാണ് ശിവശങ്കറിന് ഫോണ്‍ നല്‍കിയത്. താന്‍ ചതിച്ചെന്ന് വരുത്തി തീര്‍ത്തിട്ട് എന്തു കിട്ടാനാണെന്നും സ്വപ്ന ചോദിക്കുന്നു. വ ഴിയില്‍ കിടന്ന ഒരുപാട് തേങ്ങകള്‍ താന്‍ ശിവശങ്കര്‍ എന്ന ഗണപതിക്ക് അടിച്ചിട്ടുണ്ട്. അതെന്തുകൊണ്ട് അദ്ദേഹം ആത്മകഥയില്‍ എഴുതിയില്ലെന്ന് ഐഫോണ്‍ നല്‍കിയതിനെ പരാമര്‍ശിച്ച് സ്വപ്ന ചോദിക്കുന്നു.
ശിവശങ്കര്‍ പറഞ്ഞതെല്ലാം താന്‍ കണ്ണുമടച്ച് വിശ്വസിച്ചു. വിആര്‍എസ് എടുത്തശേഷം ദുബായില്‍ താമസമാക്കാമെന്ന് ശിവശങ്കര്‍ വാക്കു തന്നിരുന്നതായും സ്വപ്ന പറയുന്നു. ലൈഫ് മിഷന്‍ കരാറില്‍ യൂണിടാക് കന്പനിയെ കൊണ്ടുവന്നതും ശിവശങ്കറിന്റെ അറിവോടെയാണ്. ശിവശങ്കറിന് സമ്മാനിച്ച ഐഫോണ്‍ യൂണിടാക് സമ്മാനിച്ചതാണ്. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന എം.ശിവശങ്കറിന്റെ ആത്മകഥ പുറത്തു വന്നതിനു പിന്നാലെയാണ് സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.