
തൃശൂർ: എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കര്‍ണാടക സ്പീക്കറുടെ ബന്ധുവീട്ടില്‍ പരിശോധന നടത്തുകയും മൂന്നുകോടി രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യസൂത്രധാരനായ കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഷഫീര്‍ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഇയാളെ കര്‍ണാടക പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാറാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്‌സില്‍ നിന്നായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. ഷഫീർ ബാബു ഉൾപ്പടെ ആറുപേരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്.
ഇ.ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് ദക്ഷിണ കര്‍ണാടകയിലെ ഒരു വീട്ടിലെത്തി വ്യാജ പരിശോധന നടത്തി വീട്ടിലുണ്ടായിരുന്ന മൂന്നരക്കോടി രൂപയോളം തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ പരിശോധന നടത്തി പോയതിനുശേഷമാണ് തട്ടിപ്പിനിരയായി എന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. ദക്ഷിണ കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്‌സില്‍ ഷഫീര്‍ ബാബുവിനെ തേടി എത്തുകയായിരുന്നു.
ഫഷീര്‍ ബാബുവിന്റെ അറസ്റ്റിനുപിന്നാലെ കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തിരിമറിക്കേസില്‍ മുമ്പും ഷഫീര്‍ ബാബു ഉള്‍പ്പെട്ടിരുന്നു. കർണാടക സ്പീക്കറുടെ ബന്ധുവായ തീപ്പെട്ടിവ്യവസായിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്.