‘ഈ സമയവും അതിജീവിക്കും’ ഇൻസ്റ്റഗ്രാമിൽ കുറിച്ച് ശിൽപഷെട്ടി
അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായി പ്രതികരിച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. പുസ്തകത്തിന്‍റെ പേജ് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു. ഈ സമയവും അതിജീവിക്കും എന്ന് അർത്ഥമാക്കുന്ന വരികളാണ് താരം പങ്കുവച്ചിരിക്കുന്നത്. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്‍റെ പുസ്തകത്തിലെ പേജാണ് ശിൽപ സ്റ്റാറ്റസ് ആക്കിയത്.
‘ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തിലാണ് ഓരോ നിശ്വാസവും.
എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചിട്ടുണ്ട്. ഇനിയും അതിജീവിക്കുക തന്നെ ചെയ്യും.എന്‍റെ ജീവിതം ജീവിക്കുന്നതിൽ നിന്നും ആർക്കും പിൻതിരിപ്പിക്കാനാവില്ല.കഴിഞ്ഞു പോയതിനെ ദേഷ്യത്തോടെ കാണരുത്.വരാനിരിക്കുന്നതിനെ പേടിയോടെയും. എന്നാൽ ചുറ്റുമുള്ളതിനെ ശ്രദ്ധിക്കണം’-ശിൽപ പങ്കു വച്ച ചിത്രത്തിലെ വരികളാണിത്. രാജ് കുന്ദ്രയുടെ അറസ്റ്റിനോട് ശിൽപ പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ആപ്പുകളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തതിൽ രാജ് കുന്ദ്ര മുഖ്യ ആസൂത്രകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.മോഡൽ ഗഹന വസിഷ്ഠ് ഉൾപ്പടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം രാജ് കുന്ദ്രയിലേക്ക് നീണ്ടത്. കുന്ദ്രക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് മുംബൈ പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ ശിൽപാ ഷെട്ടിക്ക് വിഷയത്തിൽ നേരിട്ട് ബന്ധമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷേ അവരുടെ ബാങ്ക്അക്കൗണ്ടുകൾ പണമിടപാടിന് ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിച്ച് വരികയാണ്.