സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീർത്തി നഷ്ടപ്പെടുത്തും; പ്രതിഷേധമറിയിച്ച് വിദ്യാർഥി യൂണിയൻ
ന്യൂഡല്‍ഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥി യൂണിയന്‍. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഉന്നത പദവിയില്‍ ഇരിക്കുന്നത് സ്ഥാപനം ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയിലും കലാപരമായ സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്‌തേക്കുമെന്ന ആശങ്കയുണ്ടെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് 25 വർഷത്തെ പാരമ്പര്യമുണ്ടെന്നും ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്ത് പ്രവര്‍ത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് യൂണിയന്‍ വ്യക്തമാക്കി. രാജ്യത്തെ മതേതരത്വത്തിന് ഭീഷണിയാവുന്ന പ്രസ്താവനകള്‍ സുരേഷ് ഗോപി നടത്തിയിട്ടുണ്ട്.
അത്തരത്തിലൊരാൾ ഉന്നത പദവിയില്‍ ഇരിക്കുന്നത് സ്ഥാപനം ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയിലും കലാപരമായ സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്‌തേക്കാമെന്ന ആശങ്കയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തുമെന്ന ആശങ്കയുണ്ടെന്നും യൂണിയൻ കൂട്ടിച്ചേർത്തു.
അതേസമയം, സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. നിയമനത്തെക്കുറിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം മുന്‍കൂട്ടി അറിയിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അമര്‍ഷമുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തിൽ സുരേഷ് ഗോപി നേരിട്ട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കുമെന്ന് അനുരാഗ് ഠാക്കൂർ അറിയിച്ചിരുന്നു.
വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു
ഫേസ് കുറിപ്പിന്റെ പൂര്‍ണ്ണരൂപമിങ്ങനെ:
ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ ‘അതേ’ചാനൽ. പിന്നെ കാക്കക്കൂട്ടം പോലെഎല്ലാവരും ചേർന്ന് ആക്രമണം. ഒരു വാർത്ത കൊടുക്കുന്നതിനുമുൻപ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാർക്ക്. ഇത് കോൺഗ്രസ്സ് അജണ്ടയാണ്.
പാലാക്കാരനായ ഒരു കോൺഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിടുന്നത്. ‘അതേ’ചാനലിലെ കോൺഗ്രസ്സ് ഏജന്റായ റിപ്പോർട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താൻ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ. ഇനിയും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും .
അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകൾ. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല.