FeaturedHome-bannerKeralaNews

ആദ്യ ജയപ്രഖ്യാപനം, കേരളത്തില്‍ ബിജെപിയുടെ ആദ്യ അക്കൗണ്ട്; തൃശൂര് എടുത്ത് സുരേഷ് ഗോപി

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് വിജയം. തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ലക്ഷത്തിലേറെ വോട്ട് നേടി കൊണ്ടാണ് സുരേഷ് ഗോപി വെന്നിക്കൊടി പാറിച്ചത്. 

2019 ൽ  ടി എൻ പ്രതാപൻ ഉയർത്തിയ 4,15,089 വോട്ടുകളുടെ അടുത്തുപോലും എത്താൻ മുരളീധരന് കഴിഞ്ഞില്ല എന്നുള്ളതാണ് ശ്രദ്ധേയം. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് കൂടുതല്‍ പിടിക്കാനും സാധിച്ചു. ഇത് വളരെ നിര്‍ണായകമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂർ മണ്ഡലത്തില്‍ നേരിട്ടെത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിനിടെ ‘തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപി പറഞ്ഞിരുന്നു . ആ  ഡയലോഗ് വലിയ രീതിയിൽ തന്നെ ഹിറ്റായിരുന്നു. എന്നാല്‍, തോറ്റതോടെ തൃശൂര് എടുക്കുന്നില്ലേ എന്ന് ചോദിച്ച് താരത്തിന് കടുത്ത പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോള്‍ പറഞ്ഞ പോലെ തൃശൂര്‍ എടുത്ത് കൊണ്ട് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാനും താരത്തിന് സാധിച്ചു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മാറി മാറി രാഷ്ട്രീയ പാര്‍ട്ടികളെ പരീക്ഷിച്ചിട്ടുള്ള ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. 1952 ല്‍ കോണഗ്രസിനെ പിന്തുണച്ച മണ്ഡലം. 1957 മുതല്‍ 1980 വരെ സിപിഎമ്മിനാണ് കൈ കൊടുത്തത്. 

ശക്തമായ ഇടതു കോട്ടയെന്ന ധാരണ പൊളിച്ചാണ് 1984-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി എ ആന്റണി തൃശൂരില്‍ വിജയിക്കുന്നത്. പിന്നീട് 1996 വരെ തൃശൂര്‍ കോണ്‍ഗ്രസിനൊപ്പം നില കൊണ്ടു. 1996-ല്‍ കോണഗ്രസിനെ വീഴ്ത്തി സിപിഎം സീറ്റ് തിരികെ പിടിച്ചു. പിന്നീടിങ്ങോട്ടുള്ള തെരഞ്ഞെടുപ്പില്‍ ഇടത് വലത് നേതാക്കളെ തൃശൂര്‍  ലോക്‌സഭയിലേക്ക് അയച്ചു. 2019-ല്‍ ‘തൃശൂര്‍ എടുക്കു’മെന്ന് പറഞ്ഞ് സുരേഷ് ഗോപി എത്തിയെങ്കിലും തൃശൂര്‍ ബിജെപിക്ക് എടുക്കാന്‍ സാധിച്ചില്ല. 2019-ല്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും മുന്‍തെരഞ്ഞെടുപ്പിനേക്കാളും വോട്ട് വര്‍ധിപ്പിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker