KeralaNews

'പ്രതികരിക്കാന്‍ സൗകര്യമില്ല', തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി,

തൃശൂർ: തൃശൂരിലെ രാമനിലയത്തിൽ പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ​ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. രാവിലെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വിവാദമായിരുന്നു. 

വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ​ഗോപിയുടെ നേരത്തെയുള്ള പ്രതികരണം. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നുമായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം.

പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

എന്നാൽ ഇതിന് പിന്നാലെ സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗതത്തെത്തി. ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാട്, മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 

പാർട്ടി നിലപാട് പറയുന്നത് പാർട്ടി അധ്യക്ഷനാണ്. ആരോപണങ്ങൾ മാധ്യമ സൃഷ്ടിയല്ല. സുരേഷ് ഗോപിയ്ക്ക് അദ്ദേഹത്തിൻ്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം, സുരേഷ് ഗോപിക്ക് മേൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണം ഇല്ലേയെന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നുമായിരുന്നു സുരേന്ദ്രൻ്റെ മറുപടി. ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്.

സർക്കാരിന്റെ ആത്മാർത്ഥതയാണ് കാണിക്കുന്നത്. ഇഷ്ടക്കാർക്ക് എന്തുമാകാമെന്ന സർക്കാർ നിലപാടാണ് മുകേഷിന്റെ ധാർഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എംഎൽഎയുടെ രാജി എഴുതി വാങ്ങാൻ പിണറായി തയ്യാറാകണം. ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകൾ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രൻ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker